ബത്തേരി: റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനായി പാലം പൊളിച്ചെങ്കിലും ബദല്‍പാലം നിർമിക്കാതെ വാഹനങ്ങള്‍ ദുർഘടമായ പാതയിലൂടെ വഴിതിരിച്ചുവിടുന്നത് യാത്ര ദുരിതപൂർണമാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ ബസ് ഗതാഗതം നടത്തുക ബുദ്ധിമുട്ടായതിനാല്‍ സ്വകാര്യ ബസുകള്‍ ഇതു വഴിയുള്ള ഗതാഗതം നിർത്തിവയ്ക്കാൻ നിർബന്ധിതരായി തീരുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.
സുല്‍ത്താൻ ബത്തേരി – താളൂർ അന്തർ സംസ്ഥാന പാതയില്‍ കോളിയാടിയ്ക്ക് സമീപം മാത്തൂരിലാണ് നവീകരണത്തിന്‍റെ ഭാഗമായി പാലം പൊളിച്ചത്. താത്കാലിക ബദല്‍ പാലം നിർമിക്കാൻ നിലവിലുള്ള പാലത്തിന് സമീപത്ത് ആവശ്യത്തിന് സ്ഥലസൗകര്യമുണ്ടായിട്ടും അതുചെയ്യാതെ കോളിയിടിയില്‍ നിന്ന് വാഹനം വഴിതിരിച്ചുവിടുകയാണ്.
ഇത് കാരണം കോളിയാടി മുതല്‍ മാത്തൂർ വരെയുള്ള ഭാഗത്തെ ജനങ്ങള്‍ക്ക് പൊതുഗതാഗത സൗകര്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. വാഹനങ്ങള്‍ തിരിച്ചുവിടുക വഴി അഞ്ച് കിലോമീറ്ററോളം കൂടുതല്‍ ദുർഘട പാതയിലൂടെ സഞ്ചരിക്കേണ്ട അവസ്ഥയാണ്.
ഇരുപത്തിയെട്ട് കഐസ്‌ആർടിസി ബസുകളും എട്ട് സ്വകാര്യ ബസുകളും ഇവഴി സർവീസ് നടത്തുന്നുണ്ട്. അന്പലവയല്‍, ഗൂഡല്ലൂർ, താളൂർ ഭാഗങ്ങളിലേയ്ക്കുള്ള ബസുകളെല്ലാം ഇതുവഴിയാണ് കടന്ന് പോകുന്നത്. കോളിയാടിയില്‍ നിന്ന് ചെറുമാട് വഴിയാണ് ബദല്‍ സംവിധാനമായി വഴി തിരിച്ചുവിട്ടിരിക്കുന്നത്. വളരെ ഇടുങ്ങിയ പാതയും കുത്തനെയുള്ള കയറ്റവുമാണ്.
കൃത്യസമയത്തിന് വാഹനം ഓടിയെത്താനും കഴിയുകയില്ല. പൊളിച്ച പാലത്തിനു സമീപം വാഹനങ്ങള്‍ക്ക് കടന്നുപോകാൻ തരത്തില്‍ താത്കാലിക സംവിധാനം ഒരുക്കിയാല്‍ പ്രശ്നത്തിന് പരിഹരമാകും. യാത്രാക്ലേശം പരിഹരിക്കാൻ പാലത്തിനു സമീപം താത്കാലിക സംവിധാനം ഒരുക്കിയില്ലെങ്കില്‍ ബസ് ഗതാഗതം നിർത്തിവയ്ക്കേണ്ടിവരുമെന്നാണ് സ്വകാര്യ ബസുടമകള്‍ പറയുന്നത്.