Home Uncategorized ബസുകൾ റൂട്ട് മാറി ഓടുന്നു; പ്രതിഷേധിച്ച് നാട്ടുകാർ: കായക്കുന്ന്, പുഞ്ചവയൽ റൂട്ടിൽ യാത്രാദുരിതം

ബസുകൾ റൂട്ട് മാറി ഓടുന്നു; പ്രതിഷേധിച്ച് നാട്ടുകാർ: കായക്കുന്ന്, പുഞ്ചവയൽ റൂട്ടിൽ യാത്രാദുരിതം

0
ബസുകൾ റൂട്ട് മാറി ഓടുന്നു; പ്രതിഷേധിച്ച് നാട്ടുകാർ: കായക്കുന്ന്, പുഞ്ചവയൽ റൂട്ടിൽ യാത്രാദുരിതം

പനമരം. ബീനാച്ചി – പനമരം റൂട്ടിൽ കായക്കുന്ന്, പുഞ്ചവയൽ വഴി സർവീസ് നടത്തേണ്ട കെഎസ്ആർടിസി അടക്കമുള്ള ബസുകൾ റൂട്ടു മാറി നെല്ലിയമ്പം വഴി സർവീസ് നടത്തുന്നത് പ്രതിഷേധത്തിനിടയാക്കി. റോഡുപണിയുടെ പേരിലാണ് ബസുകളിൽ പലതും റൂട്ടു മാറി സർവീസ് നടത്തുന്നത്. ഇതിനാൽ കായക്കുന്ന് വഴിയുള്ള യാത്രക്കാർ മണിക്കൂറുകളോളം കാത്തുനിന്നാലേ ഒരു വാഹനം ലഭിക്കുകയുള്ളൂ എന്ന അവസ്‌ഥയാണ്.

10 മിനിറ്റ് വ്യത്യാസത്തിൽ ബസുകൾ സർവീസ് നടത്തിയിരുന്ന റോഡിൽ ഇപ്പോൾ മണിക്കുറുകൾക്ക് ശേഷം ഒരു ബസ് എത്തിയാലായി എന്നാണ് യാത്രക്കാർ പറയുന്നത്. ഈ ഭാഗത്തുനിന്ന് യാത്ര ചെയ്യേണ്ട രോഗികളും വിദ്യാർഥികളടക്കമുള്ള യാത്രക്കാരാണ് ദുരിതത്തിലായത്.

കാര്യമായ തടസ്സങ്ങളില്ലാതെയാണ് നടവയൽ പള്ളിത്താഴെ മുതൽ പനമരം വരെയുള്ള റോഡുപണി നടക്കുന്നതെങ്കിലും നെല്ലിയമ്പം വഴിയുള്ള റോഡ് നവീകരിച്ചതോടെ വാഹനങ്ങളെല്ലാം ഇതു വഴി പോകുന്നതിനാൽ ബസ് അല്ലാതെ മറ്റൊരാശ്രയം കായക്കുന്ന്, പുഞ്ചവയൽ പ്രദേശത്തുള്ള യാത്രക്കാർക്കില്ല. കെഎസ്ആർടിസി അടക്കമുള്ള മുഴുവൻ ബസുകളും ഇതുവഴി സർവീസ് നടത്താൻ വേണ്ട നടപടി ആർടിഒയും കെഎസ്ആർടിസി അധികൃതരും സ്വീകരിക്കാത്ത പക്ഷം റൂട്ടു മാറി ഓടുന്ന മുഴുവൻ ബസുകളും അടുത്ത ദിവസം മുതൽ നടവയൽ ടൗണിൽ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

ആദ്യഘട്ടത്തിൽ വേഗത്തിൽ നടന്ന റോഡുപണിയും വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റി സ്ഥ‌ാപിക്കലും ഇഴയുകയാണെന്നും റോഡിൽ നിരത്തിയ കല്ലുകൾ ഉറപ്പിക്കുക പോലും ചെയ്യാത്തതിനാൽ ചെറിയ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത അവസ്‌ഥയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു. റോഡ് നനയ്ക്കാത്തതിനാൽ വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിശല്യവും അതിരൂക്ഷമാണ്.

ബസുകൾ റൂട്ട് മാറിയോടുന്നത് അവസാനിപ്പിക്കണം ബീനാച്ചി – പനമരം റൂട്ടിൽ പുഞ്ചവയൽ കായക്കുന്ന് ഭാഗത്തുകൂടി സർവീസ് നടത്തേണ്ട ബസുകൾ വഴി മാറി സർവീസ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് സിപിഎം കായക്കുന്ന് ബ്രാഞ്ച് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മനഃപൂർവം വഴിമാറി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ നാട്ടുകാർക്ക് ഒപ്പം ചേർന്ന് ബസുകൾ തടയുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ഏരിയ കമ്മിറ്റിയംഗം കെ.പി.ഷിജു ഉദ്ഘാടനം ചെയ്. ഗലീലിയോ ജോർജ് അധ്യക്ഷത വഹിച്ചു. ജോയി കോലത്തേട്ട്, പി.ശിവദാസൻ, ഇ.പി.വിജയൻ, രാധ പൂപ്പാളി എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here