പുല്‍പ്പള്ളി: രൂക്ഷമായ പൊടിശല്യത്തെ തുടർന്ന് മേലെ പാടിച്ചിറയില്‍ നാട്ടുകാർ ചേർന്ന് ക്വാറിയില്‍നിന്നുള്ള ടിപ്പർ ലോറികള്‍ തടഞ്ഞു.
ഇന്നലെ രാവിലെയാണ് പ്രദേശവാസികളായ സ്ത്രീകളടക്കമുള്ളവർ ക്വാറികളില്‍ നിന്നും കരിങ്കല്ല് കയറ്റാനെത്തിയ ലോറികള്‍ തടഞ്ഞിട്ടത്.
തകർന്നുകിടക്കുന്ന പാടിച്ചിറ റോഡിന്‍റെ വശങ്ങളില്‍ ജല്‍ജീവൻ മിഷന്‍റെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചതോടെയാണ് പൊടിശല്യം രൂക്ഷമായത്. മേഖലയിലുള്ള ക്വാറികളില്‍ നിന്നും നിത്യവും നൂറുകണക്കിന് ചെറുതും വലുതുമായ ടിപ്പർ, ടോറസ് ലോറികളാണ് പോകുന്നത്.
പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് മുന്പ് ക്വാറി ഉടമകളും പഞ്ചായത്ത് അധികൃതരും തമ്മില്‍ നടത്തിയ ചർച്ചയില്‍ ഈ റോഡില്‍ ദിവസവും മൂന്ന് തവണ ക്വാറിയുടമകള്‍ ചേർന്ന് വെള്ളംതെളിച്ച് പൊടിശല്യം കുറയ്ക്കാൻ ധാരണയായിരുന്നു. എന്നാല്‍ ഇത് പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്നലെ നാട്ടുകാർ സംഘടിച്ച് ലോറികള്‍ തടഞ്ഞിട്ടത്.
ഉച്ചയോടെ ക്വാറിയുടമകള്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി, ദിവസവും മൂന്ന് നേരം മുടങ്ങാതെ റോഡ് വെള്ളം നനച്ചിടാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് ലോറികള്‍ വിട്ടയച്ചത്. പഞ്ചായത്തംഗം ലില്ലി തങ്കച്ചൻ, വർഗീസ് മുരിയൻകാവില്‍, തോമസ് പാഴൂക്കാല, സി.ഡി. തങ്കച്ചൻ, പി.എം. കുര്യൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്‍കി.