പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും.ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ മന്ത്രി രാജനും ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നു. കത്തുന്ന ചിതയ്ക്കു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. പെൺമക്കളെ ഉൾപ്പെടെയുള്ളവരെ എങ്ങനെ സാന്ത്വനിപ്പിക്കും എന്നറിയാതെ ഏവരും സങ്കടത്തിലായി.
സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടില്‍ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം രാവിലെ കലക്ടേററ്റില്‍ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മിക്കവരും വിതുമ്പി. പതിനൊന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പെണ്‍മക്കളാണ് അന്ത്യ കര്‍മം നടത്തിയത്. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ രാജന്‍, വിവിധ എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനികള്‍, വിവിധ രാഷ്ട്രീയനേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

