11 C
London
Saturday, April 25, 2026

ചമയങ്ങളണിഞ്ഞ് അമ്പലവയല്‍; പൂപ്പൊലി ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന്

- Advertisement -spot_img

കല്‍പ്പറ്റ: കൃഷി വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പൂപ്പൊലി എന്ന പേരില്‍ നടത്തുന്ന അന്താരാഷ്ട്ര പുഷ്‌പോത്സവത്തിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ ടി .സിദ്ദിഖ്, ജി.എസ്. ജയലാല്‍, പി.പി. സുമോദ്, സനീഷ് കുമാര്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. ഹംസ, ജനപ്രതിനിധികളായ
റസീന അബ്ദുള്‍ ഖാദര്‍, പ്രസന്ന ശശീന്ദ്രന്‍, ടി.എസ്. ദിലീപ്കുമാര്‍, മീനാക്ഷി രാമന്‍, കെ.കെ. ഹനീഫ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി. അശോക്, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, കൃഷി ഡയറക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡയറക്ടര്‍ ഓഫ് എക്സ്റ്റന്‍ഷന്‍ ബിനു പി. ബോണി തുടങ്ങിയവര്‍ പങ്കെടുക്കും.
ഈ മാസം 15 വരെയാണ് പുഷ്‌പോത്സവം. സന്ദര്‍ശക പ്രവേശനോദ്ഘാടനം ഇന്നലെ രാവിലെ ഒമ്പതിന് അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.
13 ഏക്കറില്‍ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ലൈവ് ഫഌര്‍ ഷോയാണ് പൂപ്പൊലി. പെറ്റുന്നിയ, ഡാലിയ, ആസ്റ്റര്‍, കോസ്‌മോസ്, ഡയാന്തസ്, മാരിഗോള്‍ഡ്, സണ്‍ഫ്‌ലവര്‍, സീനിയ, ഫ്‌ളോക്, ലിലിയം, പാന്‍സി, സാല്‍വിയ, വെര്‍ബിന, ഗോംഫ്രിന, സ്‌റ്റോക്ക്, കാലന്‍ഡ്യുല, ഡ്രസീന, റിയോഡെഡ്രോണ്‍ തുടങ്ങിയ ഇനം പൂക്കള്‍ പൂപ്പൊലിക്കു മാറ്റുകൂട്ടും. വിവിധ പുഷ്പാലങ്കാര മാതൃകകള്‍, ഫ്‌ളോറല്‍ ക്ലോക്ക്, ഫുഡ് സ്‌കേപ്പിംഗ്, ഫ്‌ളോട്ടിംഗ് ഗാര്‍ഡന്‍, മെലസ്‌റ്റോയ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, കുട്ടികള്‍ക്കുള്ള റൈഡുകള്‍ എന്നിവ നഗരിയില്‍ ഉണ്ടാകും.
നൂതന സാങ്കേതിക വിദ്യകളുടെയും മികച്ചയിനം നടീല്‍ വസ്തുക്കളുടെയും കാര്‍ഷിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനവിപണന മേളയും പൂപ്പൊലിയുടെ ഭാഗമാണ്. കാര്‍ഷിക സെമിനാറുകളും ക്ലിനിക്കുകളും വിവിധ ദിവസങ്ങളില്‍ നടത്തും. മുതിര്‍ന്നവര്‍ക്ക് 70 ഉം ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് 35 ഉം രൂപയാണ് ടിക്കറ്റ് നിരക്ക്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here