നടവയല്‍: കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി നവീകരണ പ്രവൃത്തികള്‍ നടക്കുന്ന ബീനാച്ചി പനമരം റോഡില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു.
ആദ്യഘട്ട ടാറിങ് കഴിഞ്ഞ ഭാഗത്താണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നത് കേണിച്ചിറയ്‌ക്കും നടവയല്‍ ടൗണിനും ഇടയിലാണ്. ഞായറാഴ്‌ച മാത്രം മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടവയലിനും കേണിച്ചിറക്കും ഇടയില്‍ രണ്ടിടത്തായി രണ്ടു കാറുകളാണ് അപകടത്തില്‍ പെട്ടത്. രാവിലെ കേണിച്ചിറയില്‍ നിന്ന് നടവയല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ കയ്യാലമുക്കില്‍ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി കാര്‍ യാത്രികന് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെ നടവയല്‍ ഭാഗത്ത് നിന്ന് കേണിച്ചിറയിലേക്ക് പോകുകയായിരുന്ന കാര്‍ പരുവുമ്മേല്‍ കവലയ്‌ക്ക് സമീപം റോഡില്‍ നിന്നും തെന്നിമാറി കലുങ്കിലിടിച്ചും അപകടമുണ്ടായി. അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം നിര്‍മാണത്തിലെ അശാസ്‌ത്രീയതയും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്‌ഥാപിക്കാത്തതുമാണെന്ന് നാട്ടുകാര്‍ പറയുന്നു.