പിണങ്ങോട്: ജീവിത ശൈലി രോഗങ്ങള്‍ കൂടി വരികയും സമൂഹത്തില്‍ വൃക്കകള്‍ തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക, ഡയാലിസിസ് ചെയ്യുന്നവര്‍ ഇല്ലാത്ത ഗ്രാമം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് പീസ് വില്ലേജ് ഡയാലിസിസ് സെന്ററും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററും സംയുക്തമായി സൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പ് നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പീസ് വില്ലേജ് കമ്മിറ്റി പ്രസിഡന്റുമായ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പീസ് വില്ലേജ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി സദ്‌റുദ്ദീന്‍ വാഴക്കാട് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് വര്‍ദ്ധിച്ച് വരുന്ന വൃക്ക സംബന്ധമായ അസുഖങ്ങളുടെ കാരണവും പരിഹാരമാര്‍ഗ്ഗവും എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്സും നടന്നു.
ചടങ്ങില്‍ പീസ് വില്ലേജ് ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി കെ മുസ്തഫ മാസ്റ്റര്‍, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അന്‍വര്‍ കെ.പി, ജാസിര്‍ പാലക്കല്‍, കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഡയറക്ടര്‍ രായിന്‍കുട്ടി നീറാട്, കോര്‍ഡിനേറ്റര്‍ സജ്ജാദ്, വിവിധ പഞ്ചായത്ത് പീസ് വില്ലേജ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റുമാരായ നാസര്‍ തുര്‍ക്കി വെങ്ങപ്പള്ളി, കെ.ടി കുഞ്ഞബ്ദുള്ള പടിഞ്ഞാറത്തറ, ജനറല്‍ മാനേജര്‍ ഹാരിസ് അരിക്കുളം, വിപിന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. കെസിയ മരിയ സ്വാഗതവും ഷാലുദ്ദീന്‍ ടി.ടി നന്ദിയും പറഞ്ഞു.