കൽപ്പറ്റ: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ 2025-27 വർഷത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ നിലവിലുള്ള സംഘടനാ നേതൃത്വം മുന്നോട്ട് വച്ച പാനൽ ആകെയുള്ള 26 സീറ്റിലും മികച്ച വിജയം നേടി. നിലവിലെ ജില്ല പ്രസിഡണ്ട് എം.എ സന്തോഷ് കമ്പളക്കാട് പോലീസ് സ്‌റ്റേഷനിൽ നിന്നും, സെക്രട്ടറി പി സി സജീവ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും, സ്റ്റേറ്റ് എക്സിക്യുട്ടീവ് മെമ്പർ കെ എം ശശിധരൻ ട്രാഫിക് എൻഫോഴ്‌സ്മെന്റ് യൂണിറ്റിൽ നിന്നും എതിരില്ലാതെ വിജയിച്ചു. 24 സീറ്റുകളിൽ എതിരില്ലാതേയും, മത്സരം നടന്ന തലപ്പുഴ തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾ ഉൾപ്പെട്ട യൂണിറ്റിലും,വെള്ളമുണ്ട പോലീസ് സ്റ്റേഷൻ യൂണിറ്റിലും ഓദ്യോഗിക പക്ഷം തന്നെ വിജയം നേടി.
പോലീസ് സംഘടന കഴിഞ്ഞകാലങ്ങളിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പു വിജയമെന്നും ചിട്ടയായ പ്രവർത്തനങ്ങളുടേയും പോലീസുദ്യോഗസ്ഥരെ ഒരു പോലെ ചേർത്ത് പിടിച്ച് അവരോടൊപ്പം തോളോട്തോൾ ചേർന്നു സംഘടനാനേതൃത്വം നടത്തിയ പ്രവർത്തനങ്ങളുടേയും അംഗീകാരം ആണ് ഈ വിജയമെന്നും നിലവിലെ സംഘടന ഭാരവാഹികൾ പറഞ്ഞു.