Home Uncategorized കാട്ടാനശല്യം: അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു

കാട്ടാനശല്യം: അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു

0
കാട്ടാനശല്യം: അന്തര്‍ സംസ്ഥാനപാത ഉപരോധിച്ചു

ഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ പാടന്തറ മേഖലയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പാടന്തറ ടൗണില്‍ ഗൂഡല്ലൂർ-സുല്‍ത്താൻ ബത്തേരി അന്തർസംസ്ഥാന പാത ഉപരോധിച്ചു.

ഇന്നലെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 2.30വരെയാണ് സമരം നടത്തിയത്. ഗൂഡല്ലൂർ എംഎല്‍എ അഡ്വ. പൊൻജയശീലൻ, സർവകക്ഷി നേതാക്കള്‍ എന്നിവർ സമരത്തിന്‍റെ മുൻനിരയില്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളംപേർ സമരത്തില്‍ പങ്കെടുത്തു.

വനാതിർത്തികളില്‍ ട്രഞ്ച് കീറുക, സോളാർവേലി സ്ഥാപിക്കുക, കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. വിവരമറിഞ്ഞ് ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാർ, എസിഎഫ് കറുപ്പയ്യ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.

എംഎല്‍എ അഡ്വ. പൊൻ ജയശീലൻ, ഇളഞ്ചഴിയൻ ബാബു (ഡിഎംകെ), കെ. ഹംസ (കോണ്‍ഗ്രസ്), എൻ. വാസു (സിപിഎം), ഭുവനേശ്വരൻ (വിസികെ), വി.കെ. ഹനീഫ (മുസ്ലിം ലീഗ്), ദേവർഷോല പഞ്ചായത്ത് പ്രസിഡന്‍റ് വള്ളി, വൈസ് പ്രസിഡന്‍റ് യൂനുസ് ബാബു, വാർഡ് കൗണ്‍സിലർ ശാഹിന തുടങ്ങിയവർ ചർച്ചയില്‍ പങ്കെടുത്തു.

പതിനഞ്ച് ദിവസത്തിനകം വനാതിർത്തിയില്‍ ട്രഞ്ച് കീറാമെന്നും ഡ്രോണ്‍ കാമറ ഉപയോഗിച്ച്‌ കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും സ്പെഷല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഇന്ന് മുതല്‍ ആനകളെ നിരീക്ഷിച്ച്‌ വനത്തിലേക്ക് തുരത്തിയോടിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നല്‍കി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരം കാരണം റോഡിന്‍റെ ഇരുവശങ്ങളിലും നൂറുക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടന്നിരുന്നത്.

ദേവർഷോല, ത്രീഡിവിഷൻ, പാടന്തറ, കന്പാടി, ചെളുക്കാടി, കെണിയംവയല്‍, കുറ്റിമൂച്ചി, മച്ചികൊല്ലി, കല്ലിങ്കര, ഫോർത്ത്മൈല്‍ ഭാഗങ്ങളില്‍ എട്ട് കാട്ടാനകളാണ് പരിഭ്രാന്തി പരത്തുന്നത്. പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകള്‍ ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും ഇറങ്ങുകയാണ്. ഇതേത്തുടർന്ന് ജനങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. ആന ശല്യത്തിന് പരിഹാരം കണ്ടിട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here