പനമരം പഞ്ചായത്തിലെ ഏച്ചോം-കുറുന്പാലക്കോട്ട റോഡിന്‍റെ ശോച്യാവസ്ഥയ്ക്കു അടിയന്തര പരിഹാരം കാണുന്നതിന് അധികാരകേന്ദ്രങ്ങളില്‍ സമ്മർദം ചെലുത്തുന്നതിന് പ്രദേശവാസികള്‍ കർമ സമിതി രൂപീകരിച്ചു.
ഭാരവാഹികളായി കുറുന്പാലക്കോട്ട സെന്‍റ് ജൂഡ്സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളി(രക്ഷാധികാരി), സി.എം. ഷാജു(ചെയർമാൻ), പി.ജെ. സണ്ണി(കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.
പ്രദേശത്തെ പട്ടികവർഗ ഉന്നതികളില്‍ കഴിയുന്നവരും ഏച്ചോം, പള്ളിക്കുന്ന്, വിളന്പുകണ്ടം, പനമരം, കല്‍പ്പറ്റ എന്നിവിടങ്ങളിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരും അടക്കം നൂറുകണക്കിനാളുകള്‍ ദിനേന യാത്രചെയ്യുന്ന റോഡ് വർഷങ്ങളായി തകർന്നുകിടക്കുകയാണ്. കുറുന്പാലക്കോട്ടമല ടൂറിസം കേന്ദ്രത്തിന്‍റെ നിലനില്‍പ് ഈ പാതയെ ആശ്രയിച്ചാണ്.
പഞ്ചായത്തിലെ 15,18 വാർഡുകളുടെ അതിർത്തിയിലൂടെയുള്ള പാതയുടെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട ഗർത്തങ്ങള്‍ അനുദിനം വലുതാകുകയാണ്. ഭാഗ്യത്തിന്‍റെ ബലത്തിലാണ് സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കുന്നത്.
ദുരവസ്ഥ പലവട്ടം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ അധികൃതർക്ക് ശുഷ്കാന്തിയില്ല. ഈ സാഹചര്യത്തിലാണ് കർമ സമിതി രൂപീകരിച്ചത്. റോഡ് ഗതാഗതത്തിന് ഉതകുന്നതാക്കുന്നതില്‍ വിമുഖത തുടർന്നാല്‍ ശക്തമായ സമരം സംഘടിപ്പിക്കാനാണ് കർമ സമിതി തീരുമാനം.