തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ പോളിങ് ദിവസം നടത്തിയ ചില പ്രസ്താവനകള്‍ അടക്കം നിരന്തരം പാര്‍ട്ടിയെ വെട്ടിലാക്കുന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നടപടികളില്‍ താക്കീതുമായി ഹൈക്കമാന്‍ഡ്. തരൂര്‍ ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന് പറഞ്ഞ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ലംഘിച്ചാല്‍ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ് എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ശശി തരൂര്‍ പാര്‍ട്ടിയെ അറിയിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം വിദേശ യാത്ര ചെയ്യുന്നതേപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നല്ല കാര്യമെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ 52 വെട്ട് വെട്ടുന്ന പാര്‍ട്ടിയല്ല. ലക്ഷ്മണ രേഖ ലംഘിച്ചാല്‍ നടപടി എടുക്കുമെന്നും കെ സി വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു.
വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍- ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായിരുന്നു തരൂരിന്റെ ശ്രമം. ഇന്നലെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചിരുന്നില്ല. ശശി തരൂര്‍ ഇന്നലെ റഷ്യയിലേയ്ക്ക് പോയിരുന്നു. ഇനി റഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമായിരിക്കും തരൂര്‍-കോണ്‍ഗ്രസ് കൂടിക്കാഴ്ചക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.