Home Uncategorized 186 നോട്ടൗട്ട്, കിടിലം കരുണ്‍ നായര്‍! ഇന്ത്യ എ ശക്തമായ നിലയിൽ

186 നോട്ടൗട്ട്, കിടിലം കരുണ്‍ നായര്‍! ഇന്ത്യ എ ശക്തമായ നിലയിൽ

0
186 നോട്ടൗട്ട്, കിടിലം കരുണ്‍ നായര്‍! ഇന്ത്യ എ ശക്തമായ നിലയിൽ

കാന്റര്‍ബെറി: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ചതുര്‍ദിന ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ എ ടീം അതിശക്തമായ നിലയിലേക്ക്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 409 റണ്‍സെന്ന നിലയില്‍. നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം കരുണ്‍ നായരുടെ (Karun Nair) ഉജ്ജ്വല സെഞ്ച്വറി ബലത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ ആദ്യ ദിനം തന്നെ സ്വന്തമാക്കുകയായിരുന്നു. സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീമിനു ബലമായി.

246 പന്തുകള്‍ നേരിട്ട് 24 ഫോറും ഒരു സിക്‌സും സഹിതം 186 റണ്‍സുമായി കരുണ്‍ ക്രീസില്‍ തുടരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിനുള്ള പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതായി കരുണിന്റെ ഇന്നിങ്‌സ് മാറി.

സര്‍ഫറാസ് ഖാന്‍ 92 റണ്‍സില്‍ പുറത്തായി. അര്‍ഹിച്ച സെഞ്ച്വറിയാണ് താരത്തിനു നഷ്ടമായത്. 13 ഫോറുകള്‍ സഹിതമാണ് ഇന്നിങ്‌സ്. ധ്രുവ് ജുറേല്‍ 82 റണ്‍സ് കണ്ടെത്തി. താരവും പുറത്താകാതെ ക്രീസില്‍ നില്‍ക്കുന്നു. 9 ഫോറും ഒരു സിക്‌സും സഹിതമാണ് ജുറേല്‍ അര്‍ധ സെഞ്ച്വറി പിന്നിട്ടത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (24), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (8) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. എഡ്ഡി ജാക്ക് ഒരു വിക്കറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here