കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിലെ ഡയാലിസിസ് സെന്‍റർ അടിസ്ഥാന വികസനത്തിന് 93.78 ലക്ഷം അനുവദിച്ചു. മെഡിക്കല്‍ കോളജിലെ പുതിയ മള്‍ട്ടിപർപ്പസ് കെട്ടിടത്തിലാണ് സെന്‍റർ പ്രവർത്തിക്കുക.
റിസർവ് ഓസ്മോസിസ് പ്ലാന്‍റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് 93.78 ലക്ഷം രൂപയുടെ അനുമതി ലഭിച്ചത്.
പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളുവിന്‍റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി 49.85 ലക്ഷവും 15-ാമത് ധനകാര്യ കമ്മീഷൻ ദേശീയ ആരോഗ്യ ദൗത്യം മുഖേന 43.93 ലക്ഷം രൂപയുമാണ് പ്രവൃത്തികള്‍ക്കായി അനുവദിച്ചത്.
ഡയാലിസിസ് സെന്‍ററില്‍ നിലവില്‍ ഒരേ സമയം 16 പേർക്കാണ് ചികിത്സ നല്‍കുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഒരേ സമയം 32 പേർക്ക് ചികിത്സ നല്‍കാൻ സൗകര്യം ഒരുക്കും.
ഒരു ദിവസം നാല് ഘട്ടങ്ങളിലായി നടത്തുന്ന ഡയാലിസിസില്‍ ദിവസേന 128 പേർക്ക് ചികിത്സ നല്‍കാൻ സാധിക്കും. കേരള മെഡിക്കല്‍ സർവീസ് കോഓപറേഷൻ ലിമിറ്റഡാണ് പ്രവൃത്തി നടപ്പാക്കുന്നത്.