20.4 C
London
Monday, April 27, 2026

‘ഫോട്ടോ ഒന്നിന് 100 രൂപ വച്ച് തരണം’; കുഞ്ഞ് ആരാധകരെ ‘വട്ട്’ പിടിപ്പിച്ച് വൈഭവ്

- Advertisement -spot_img

ജയ്പുര്‍: വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി ഐപിഎല്ലില്‍ കത്തും ഫോമിലാണ്. രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ 15കാരന്റെ നിര്‍ഭയ ബാറ്റിങാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. അതിനിടെ രണ്ട് കുഞ്ഞ് ആരാധകരെ താരം വട്ട് പിടിപ്പിക്കുന്ന പ്രാങ്ക് വിഡിയോ പുറത്തു വന്നു. വിമാനത്താവളത്തില്‍ വച്ച്, തന്നെ കാണാനെത്തിയ കുഞ്ഞ് ആരാധകരെയാണ് താരം തമാശയായി കളിപ്പിക്കുന്നത്. ഇതിന്റെ വിഡിയോ വൈറലായി മാറുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ് ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്.

രണ്ട് ചെറിയ കുട്ടികള്‍ ഫോട്ടോ എടുക്കണമെന്നു ആവശ്യപ്പെട്ടു വൈഭവിനെ സമീപിക്കുകയായിരുന്നു. ഇരുവരേയും താരം പിന്തിരിപ്പിക്കാനൊന്നും ശ്രമിക്കുന്നില്ല. പക്ഷേ ഫോട്ടോ സൗജന്യമായി എടുക്കാന്‍ സാധിക്കില്ലെന്നു വൈഭവ് പറയുന്നു. ഒരോ ഫോട്ടോയ്ക്കും തനിക്ക് 100 രൂപ വീതം തരണമെന്നാണ് താരം കുഞ്ഞ് ആരാധകരോടു ആവശ്യപ്പെടുന്നത്.

‘എന്റെ കൂടെ ഫോട്ടോയെടുക്കണമെങ്കില്‍ എനിക്ക് പണം തരണം. സത്യമായിട്ടും ഞാന്‍ പറയുകയാണ് ബ്രോ. എനിക്ക് ഓരോ ഫോട്ടോയ്ക്കും 100 രൂപ വേണം’- വൈഭവ് കുഞ്ഞുങ്ങളോടു പറയുന്നു.

കുഞ്ഞ് ആരാധകര്‍ ഇതുകേട്ട് തിരികെ പോയി 200 രൂപയുമായി മടങ്ങി വന്ന് വൈഭവിനു നല്‍കാന്‍ ഒരുങ്ങുന്നു. പിന്നാലെ താരം ഇത് പ്രാങ്കാണെന്നും നിങ്ങളെ തമാശയ്ക്കു കളിപ്പിച്ചതാണെന്നും പറയുന്നു. പിന്നീട് ആ കുട്ടികള്‍ക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്ത് വൈഭവ് അവരെ ഹാപ്പിയാക്കി മടക്കുന്നു.

കഴിഞ്ഞ ദിവസമാണ് വൈഭവ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറി തൂക്കിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ വെറും 36 പന്തിലാണ് താരം ശതകം നേടിയത്. 12 സിക്‌സുകള്‍ സഹിതമായിരുന്നു ഈ കിടിലന്‍ ബാറ്റിങ്. ഐപിഎല്ലിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറി കൂടിയാണിത്.

സീസണില്‍ ഇതുവരെയായി 357 റണ്‍സാണ് താരം 8 കളിയില്‍ നിന്നു അടിച്ചെടുത്തത്. ആവറേജ് 44.63, സ്‌ട്രൈക്ക് റേറ്റ് 234.87. ഇതുവരെയായി 32 സിക്‌സുകളും 31 ഫോറുകളും താരം തൂക്കി. നാളെ പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here