പനമരം : കൃഷ്ണന്മൂല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൈവിധ്യങ്ങളായ കലാപരിപാടികളാൽ സമ്പന്നമായ നവരാത്രി കലാസന്ധ്യ ജനശ്രദ്ധയാകർഷിച്ചു. ക്ഷേത്ര കലകൾക്ക് പ്രാധാന്യം നൽകിയ കലാസന്ധ്യയിൽ ഒൻപത് ദിവസങ്ങളിലായി കുചേലവൃത്തം കഥകളിയും, പാഞ്ചാലീ സ്വയംവരം ചാക്യാർകൂത്തും ,സോപാനസംഗീതവും ,കൃഷ്ണ ഗീതവും ,ചിലങ്ക നൃത്തസന്ധ്യയും അരങ്ങേറി . കേരള കലാമണ്ഡലത്തിൽ നിന്നു പരിശീലനം നേടിയ വയനാട് കലാമണ്ഡപത്തിൻ്റെ കലാകാരൻമാരാണ് ക്ഷേത്ര കലകൾ അവതരിപ്പിച്ചത് . വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ഭക്തജനങ്ങളാണ് ക്ഷേത്ര കലകൾ ആസ്വദിക്കാൻ എത്തിയത്.
വിജയദശമി ദിനത്തിൽ രാവിലെ നടന്ന വിദ്യാദേവതാർച്ചനയിലും സമൂഹ വിദ്യാരംഭത്തിലും ധാരളം ഭക്തജനങ്ങൾ പങ്കെടുത്തു .ക്ഷേത്ര ഭരണ സമിതിയുടേയും പാഞ്ചജന്യം സന്നദ്ധസേവാ സംഘത്തിൻ്റെയും നേതൃത്വത്തൽ സംഘടിപ്പിച്ച നവരാത്രി കലാസന്ധ്യ സാഹിത്യകാരൻ പി.ആർ നാഥനാണ് ഉദ്ഘാടനം ചെയ്തത്. നവരാത്രിയുടെ ഭാഗമായി നടന്ന സാംസ്കാരിക സദസ്സിൽ ധർമ്മ പാഠശാല സംയോജകൻ രാജേഷ് നാദാപുരം പ്രഭാഷണം നടത്തി.എല്ലാ ദിവസവും വൈകിട്ട് ശങ്കരാചാര്യരുടെ കനകധാരാ സ്തോത്രവും ,ലളിത സഹസ്രനാമസം ,മുകുന്ദാഷ്ടകവും സമൂഹമായി ചൊല്ലിയായിരുന്നു പരിപാടികൾ ആരംഭിക്കുന്നത്.

