10.1 C
London
Thursday, April 30, 2026

‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍’; ജനവികാരമെന്ന് മുസ്ലിം ലീഗ്

- Advertisement -spot_img

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നത്. അത് അങ്ങനെ തന്നെയാണ്. യുഡിഎഫ് ജനവികാരം പരിഗണിച്ചു തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് എല്ലാ കാലത്തും ജനവികാരം പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക. ഭാവിയില്‍ മന്ത്രിസഭ രൂപീകരിക്കുന്നതിലും, ഭരണകാര്യത്തിലും അടക്കം ജനവികാരത്തിന് അനുകൂലമായിട്ടാരിക്കും യുഡിഎഫില്‍ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിക്കാര്യത്തില്‍ അടക്കം. മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. അവരും ജനവികാരം മാനിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏതെങ്കിലും ഒന്നോ രണ്ടോ എക്‌സിറ്റ് പോളായിരുന്നു ഇങ്ങനെ പറഞ്ഞതെങ്കില്‍ വിശ്വസിക്കേണ്ട. എന്നാല്‍ യുഡിഎഫിന് അനുകൂലമെന്നാണ് എല്ലാ ഫലങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതലേ കേരളത്തില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ത്രിതല പഞ്ചായത്തിലും ഈ ഭരണവിരുദ്ധ വികാരം വ്യക്തമായി. അതിന്റെ ഫൈനല്‍ എന്ന നിലയില്‍ നിയമസഭ തെരഞ്ഞെടുപ്പിലും ആളുകള്‍ അങ്ങനെ തന്നെയാണ് വിധിയെഴുതിയതെന്ന് മനസ്സിലാക്കുന്നു. മലപ്പുറത്ത് 16 സീറ്റിലും യുഡിഎഫ് വിജയിക്കും. അത്തരത്തിലാണ് തങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍. കേവല ഭൂരിപക്ഷത്തിനും അപ്പുറത്ത് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചിരുന്നു. ആ പ്രതീക്ഷ ഇപ്പോഴും ഉണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

ആ നിലയിലേക്ക് ഇപ്പോഴത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഇതിലും കൂടുതല്‍ മെച്ചപ്പെട്ട വിജയം യുഡിഎഫിന് അവകാശപ്പെട്ടതാണ്. അത് ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുസ്ലിം ലീഗ് 27 സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ 22 സീറ്റുകളെങ്കിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലീഗിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് കഴിഞ്ഞ തവണത്തേതുപോലെ, യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് നല്ല തീരുമാനത്തിലെത്തും. ലീഗിന് അവകാശപ്പെട്ടത് എല്ലാക്കാലത്തും യുഡിഎഫ് അനുവദിച്ചു തന്നിട്ടുണ്ട്. ഇത്തവണയും അതുണ്ടാകുമെന്ന് സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് എല്ലാ കാര്യങ്ങളും വിലയിരുത്തുന്ന പാര്‍ട്ടിയാണ്. കോണ്‍ഗ്രസാണ് യുഡിഎഫിനെ നിലനിര്‍ത്തുന്നതില്‍ മുമ്പന്തിയില്‍ നില്‍ക്കേണ്ടത്. യുഡിഎഫിനെ നിലനിര്‍ത്തുന്ന കാര്യത്തിലും, ഭരണം മെച്ചപ്പെടുത്തുന്ന കാര്യത്തിലും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നും നല്ല തീരുമാനങ്ങളുണ്ടാകും. മുസ്ലിം ലീഗ് അതിനോടൊപ്പം എപ്പോഴും ഉണ്ടാകും. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ലീഗ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ച തന്നെ ഉണ്ടായിട്ടില്ല. നല്ല മന്ത്രിസഭ രൂപീകരിക്കണം, നല്ല ഭരണം കാഴ്ചവെക്കണം എന്നു മാത്രമേ ലീഗിനുള്ളൂ. അര്‍ഹതപ്പെട്ടത് ലീഗിന് കിട്ടും. അവകാശവാദം ഉന്നയിക്കാനില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here