നെടുങ്കണ്ടം : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ അമ്മയെയും മകനെയും കൊന്നു കുഴിച്ചു മൂടിയതായി സംശയം. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു പുരുഷന്റേയും സ്ത്രീയുടേതുമാണ് മൃതദേഹങ്ങള്‍.
പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. മൃതദേഹം മേരിക്കുട്ടിയുടേയും റെജിയുടേതുമാണോ എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന വേണ്ടി വരും.
സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിയെ വീട്ടില്‍ നിന്നും കാണാനില്ല. ഇയാള്‍ ഇരുവരേയും കൊന്ന് കുഴിച്ചിട്ടശേഷം മുങ്ങിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിയെ കണ്ടെത്താനുള്ള അന്വേഷണം നെടുങ്കണ്ടം പൊലീസ് ഊര്‍ജ്ജിതമാക്കി.
വീട്ടില്‍ മേരിക്കുട്ടിയും മക്കളായ റെജിയും സജിയുമാണ് താമസിച്ചിരുന്നത്. ഇവര്‍ തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. വഴക്കിനൊടുവില്‍ അമ്മയേയും ജ്യേഷ്ഠനേയും സജി കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മേരിക്കുട്ടിയെയും മകനെയും കാണാതായതില്‍ മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. മേരിക്കുട്ടിയെയും റെജിയേയും കാണാതായതില്‍ സജി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

