4.9 C
London
Friday, April 24, 2026

20 വര്‍ഷം നീണ്ട ഐതിഹാസിക കരിയര്‍; സുസി ബേറ്റ്സ് ന്യൂസിലന്‍ഡ് ക്രിക്കറ്റിന്റെ പടിയിറങ്ങുന്നു

- Advertisement -spot_img

വെല്ലിങ്ടന്‍: ഇതിഹാസ ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് താരം സുസി ബേറ്റ്സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കുന്ന ടി20 ലോകകപ്പോടെ ഐതിഹാസിക കരിയറിനു ഓള്‍ റൗണ്ടറായ താരം വിരാമമിടും.

2024ല്‍ ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് വനിതാ ടീം ടി20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായി നിന്ന താരങ്ങളില്‍ ഒരാളും സുസി ബേറ്റ്സാണ്. 10,681 അന്താരാഷ്ട്ര റണ്‍സ് സ്വന്തമാക്കിയിട്ടുള്ള സുസി ബേറ്റ്സ് നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര റണ്‍സുകളുള്ള വനിതാ താരങ്ങളുടെ റെക്കോര്‍ഡ് പട്ടികയില്‍ രണ്ടാമതുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഇതിഹാസം മിതാലി രാജിനേക്കാള്‍ 188 റണ്‍സ് മാത്രം പിന്നിലാണ് സുസി ബേറ്റ്സ്. ടി20 ലോകകപ്പില്‍ ഈ നേട്ടം സ്വന്തം പേരിലാക്കി വിരാമിക്കാനുള്ള അവസരവും അവര്‍ക്കുണ്ട്.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരം (പുരുഷ, വനിതാ) സുസിയാണ്. 181 ഏകദിനങ്ങളും 181 ടി20 അന്താരാഷ്ട്ര മത്സരങ്ങളും സുസി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 5964 റണ്‍സും ടി20യില്‍ 4717 റണ്‍സും താരം സ്വന്തമാക്കി. ഏകദിനത്തില്‍ 13 സെഞ്ച്വറികളും 37 അര്‍ധ സെഞ്ച്വറികളും ടി20യില്‍ ഒരു സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 168 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ 124 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍.

ഏകദിനത്തില്‍ 83 വിക്കറ്റുകളും ടി20യില്‍ 62 വിക്കറ്റുകളും നേട്ടം. ഏകദിനത്തില്‍ 7 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തതാണ് മികച്ച ബൗളിങ്. ടി20യില്‍ 26 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.

2006ലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 20 വര്‍ഷം നീണ്ട സമ്മോഹനമായ യാത്രയ്ക്കാണ് വരുന്ന ലോകകപ്പോടെ സുസി വിരാമമിടുന്നത്.

350 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ താരമാണ് സുസി. അന്താരാഷ്ട്ര, ആഭ്യന്തര, ഫ്രാഞ്ചൈസി പോരാട്ടങ്ങളിലായി കരിയറില്‍ 25,000ത്തിനു മുകളില്‍ റണ്‍സും സുസി സ്വന്തമാക്കിയിട്ടുണ്ട്.

2011 മുതല്‍ ന്യൂസിലന്‍ഡ് വനിതാ ടീം ക്യാപ്റ്റനായിരുന്നു സുസി. ഏതാണ്ട് 7 വര്‍ഷത്തിനടുത്താണ് താരം ടീമിനെ നയിച്ചത്. രണ്ട് തവണ ടീമിനെ ഐസിസി പോരാട്ടത്തിന്റെ ഫൈനലിലെത്തിക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്. 151 മത്സരങ്ങളില്‍ കിവി ടീമിനെ നയിച്ചു.

ക്രിക്കറ്റില്‍ മാത്രമല്ല സുസി ന്യൂസിലന്‍ഡിനെ പ്രതിനിധീകരിച്ചത്. താരം 2008ലെ ബെയ്ജിങ് ഒളിംപിക്‌സ് ബാസ്‌ക്കറ്റ് ബോളില്‍ ന്യൂസിലന്‍ഡ് ടീമിനായി സുസി കളിച്ചിട്ടുണ്ട്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here