കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ നടത്താനിരുന്ന രാഹുല്‍ ഗാന്ധിയുടെ റാലിക്ക് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അനുമതി നിഷേധിച്ചതായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാനായി ലോക്സഭാ എംപിയായ രാഹുല്‍ ഗാന്ധി നഗരത്തിലെത്താനിരുന്നതായിരുന്നു. അനുമതി ലഭിക്കാത്തതിനാല്‍ ഏപ്രില്‍ 23 ന് നിശ്ചയിച്ചിരുന്ന പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം 6 മണി വരെ പ്രാദേശിക അധികാരികളുടെ അനുമതിക്കായി കാത്തിരുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി. ഏപ്രില്‍ 25 നോ 26 നോ ആയി പുതുക്കിയ സമയക്രമത്തില്‍ അനുമതിക്കായി വീണ്ടും അപേക്ഷ നല്‍കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. മമത ബാനര്‍ജി സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരമാണ് പ്രാദേശിക ഭരണകൂടവും പൊലീസും സന്ദര്‍ശനാനുമതി നിഷേധിച്ചതെന്ന് പാര്‍ട്ടി ആരോപിച്ചു. മാള്‍ഡയിലും മുര്‍ഷിദാബാദിലും രാഹുല്‍ ഗാന്ധി നടത്തിയ റാലികളില്‍ തൃണമൂലും ബിജെപിയും ഭയപ്പെട്ടിരിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാര്‍ ആരോപിച്ചു.
എന്നാല്‍, പൊതുയോഗങ്ങള്‍ക്കുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ വെബ്സൈറ്റായ ‘സുവിധ പോര്‍ട്ടല്‍’ വഴി മുന്‍കൂട്ടി സമര്‍പ്പിക്കേണ്ടതുണ്ടെന്ന് ബംഗാള്‍ വനിതാ ശിശുവികസന മന്ത്രി ശശി പഞ്ച പ്രതികരിച്ചു. ‘അനുമതി നല്‍കുന്നത് പോര്‍ട്ടല്‍ വഴിയാണ്. രണ്ടോ ഏഴോ ദിവസം മുമ്പ് അപേക്ഷിക്കണം. ഈ നിയമം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊതുയോഗങ്ങള്‍ക്കും ബാധകമാണെന്നും അവര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലും കമ്മീഷനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ‘സംസ്ഥാനത്തെ കെയര്‍ടേക്കര്‍ സര്‍ക്കാരിന് അദ്ദേഹത്തിന്റെ സന്ദര്‍ശനം റദ്ദാക്കിയതിനെക്കുറിച്ച് മറുപടി നല്‍കാന്‍ കഴിയില്ല… അതിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മറുപടി നല്‍കേണ്ടതെന്നും ശശി പ്രപഞ്ച അവര്‍ പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാരിന്റെ മണ്ഡലത്തില്‍ പ്രചാരണം നടത്താനാണ് രാഹുല്‍ ഗാന്ധി എത്താനിരുന്നത്. ഏപ്രില്‍ 14-ന് ഉത്തര്‍ ദിനാജ്പൂര്‍, മാള്‍ഡ, മുര്‍ഷിദാബാദ് ജില്ലകളിലായി നടന്ന മൂന്ന് യോഗങ്ങളെ രാഹുല്‍ അഭിസംബോധന ചെയ്തിരുന്നു. ഏപ്രില്‍ 29 ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണത്തിനായി അദ്ദേഹം ഒരു ദിവസം കൂടി ബംഗാള്‍ സന്ദര്‍ശിച്ചേക്കാം.
ബംഗാളില്‍ ശക്തമായ പോരാട്ടം നടക്കുന്നതിനിടെയാണ് ഈ സന്ദര്‍ശനം റദ്ദാക്കല്‍. കോണ്‍ഗ്രസ് ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കിയാണ് ഇവിടെ മത്സരിക്കുന്നത്. പലപ്പോഴും ഭരണകക്ഷിയായ തൃണമൂലുമായി കോണ്‍ഗ്രസ് കൊമ്പുകോര്‍ക്കാറുണ്ട്. തുടര്‍ച്ചയായ നാലാം തവണയും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന തൃണമൂലും, ഭരണം പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ബിജെപിയും തമ്മിലുള്ള കടുത്ത മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
2021-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല. ആ കനത്ത പരാജയത്തിന് ശേഷം, തൃണമൂലും ബിജെപിയും തമ്മിലുള്ള പോരാട്ടത്തെ ഒരു ത്രികോണ മത്സരമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ഇത്തവണ ലക്ഷ്യമിടുന്നത്. 294 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും.

