6.7 C
London
Sunday, April 19, 2026

സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി പോറ്റിക്ക് മുമ്പും തട്ടിപ്പ്, 2012 ല്‍ ശബരിമല കൊടിമരത്തില്‍ സ്വര്‍ണ്ണ പെയിന്റടിച്ചു; വിജിലന്‍സ് റിപ്പോര്‍ട്ട്

- Advertisement -spot_img

പത്തനംതിട്ട: ശബരിമലയില്‍ സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മുമ്പും തട്ടിപ്പ് നടന്നുവെന്ന് റിപ്പോര്‍ട്ട്. തന്ത്രിയോ, ദേവസ്വം ബോര്‍ഡോ അറിയാതെ കൊടിമരത്തില്‍ സ്വര്‍ണ്ണ പെയിന്റടിച്ചു. അന്ന് സ്‌പോണ്‍സറായി കുമരന്‍ സില്‍ക്സിനെ എത്തിച്ചത് ഉദ്യോഗസ്ഥരായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2012ല്‍ നടന്ന സംഭവം ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.

മണ്ഡലപൂജ കഴിഞ്ഞ് നട അടച്ച ദിവസങ്ങളിലായിരുന്നു പെയിന്റ് ചെയ്യല്‍. ആചാരലംഘനമെന്ന നിലയില്‍ കാണേണ്ട പ്രവൃത്തിയാണ് അന്ന് നടന്നതെന്നും ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് എസ് പി ഗോപകുമാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും, പക്ഷെ അന്വേഷണ റിപ്പോര്‍ട്ട് അവഗണിക്കപ്പെടുകയായിരുന്നു. സ്‌പോണ്‍സര്‍മാരെ മുന്‍നിര്‍ത്തിയുള്ള തട്ടിപ്പ് സൂക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

28-12-2011 മുതല്‍ 30-12-2011 വരെയുള്ള തീയതികളിലാണ് ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണകൊടിമരത്തിന്റെ ചുവട്ടിലെ പഞ്ച വര്‍ഗ്ഗത്തറയിലും, പീഠത്തിലും, അഷ്ടദിക്പാലക പ്രതിഷ്ഠകളിലും സ്വര്‍ണ്ണനിറത്തോടു സാമ്യമുള്ള പെയിന്റ് സ്പ്രേ ചെയ്തത്. 2011-2012 കാലത്ത് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം സതീഷ്‌കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ രാജന്‍ എന്നിവരുടെ അറിവോടു കൂടിയാണ് പെയിന്റ് അടിച്ചത്. ശബരിമല ലെയ്സണ്‍ ഓഫീസര്‍ പി ബാലന്‍ ചെന്നൈയിലുള്ള കുമരന്‍ സില്‍ക്സ് എന്ന സ്ഥാപനത്തിന്റെ ചെലവില്‍ അവര്‍ നിയോഗിച്ച ജോലിക്കാരെ കൊണ്ട് ഈ പ്രവൃത്തി ചെയ്യിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ശബരിമല ക്ഷേത്രത്തിലെ തന്ത്രിയുടേയോ, ദേവസ്വം ബോര്‍ഡിന്റെയോ, ദേവസ്വം കമ്മീഷണറുടെയോ അറിവോ അനുവാദമോ ഇല്ലാതെ നടന്ന ഈ പ്രവൃത്തി ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എം സതീഷ് കുമാര്‍, കെ രാജന്‍, പി ബാലന്‍ എന്നിവര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2013 ജനുവരിയിലാണ് ഗോപകുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ശബരിമല ദേവസ്വത്തിലെ ചില ഉദ്യോഗസ്ഥന്മാര്‍ ബോര്‍ഡോ ദേവസ്വം കമ്മീഷണറോ അറിയാതെ ശബരിമലയില്‍ എത്തുന്ന ഭക്തരെക്കൊണ്ട് ദേവസ്വത്തിന്റെ ചില ജോലികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെയ്യിപ്പിക്കുന്നുണ്ട്. ആ പണിയുടെ പേരില്‍ പ്രസ്തുത സ്‌പോണ്‍സര്‍മാര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കോടിക്കണക്കിനു രൂപാ ശബരിമലയുടെ പേരില്‍ പിരിക്കുന്നു.

ഇതില്‍ ചെറിയൊരു പങ്ക് തുക ശബരിമലയില്‍ ചെലവഴിച്ചശേഷം ബാക്കി തുക സ്‌പോണ്‍സര്‍മാരും ദേവസ്വം ഉദ്യോഗസ്ഥന്മാരും കൂടി വീതം വച്ചെടുക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ രേഖാമൂലമുള്ള ഉത്തരവില്ലാതെ യാതൊരുവിധ സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കരുതെന്ന് ശബരിമല ദേവസ്വത്തിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here