16.4 C
London
Saturday, April 18, 2026

കാഞ്ഞിരങ്ങാട് പുതു ഞായർ തീർഥാടനം നടന്നു

- Advertisement -spot_img

തൊണ്ടർനാട്: പ്രകൃതി ഭംഗിയാൽ സമൃദ്ധമായ കാഞ്ഞിരങ്ങാട് കുരിശുമലയിൽ (പൂവിരിഞ്ഞിമല) ഭക്തിനിർഭരമായ പുതു ഞായർ തീർഥാടനം നടന്നു. വഞ്ഞോട് ഇടവക സെന്റ് ജോസഫ് ദേവാലയത്തിന് കീഴിലുള്ള കുരിശുമലയിലേക്ക് ജാതിമത ഭേദമന്യേ ആയിരക്കണക്കിന് തീർഥാടകരാണ് ഒഴുകിയെത്തിയത്. ആത്മീയ ചടങ്ങുകൾക്കൊപ്പം ‘സുരക്ഷിതമായ ട്രക്കിങ്ങും ലഹരിയാണ്’ എന്ന സന്ദേശമുയർത്തി നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും ഇത്തവണത്തെ തീർഥാടനത്തിന് സവിശേഷതയേകി.
പണ്ട് ‘പൂവിരിഞ്ഞിമല’ എന്ന് അറിയപ്പെട്ടിരുന്ന മലമുകളിൽ 1968-ൽ ഇടവകയിലെ പ്രഥമ വികാരിയായിരുന്ന ജോസഫ് തുരുത്തേൽ ആണു കുരിശ് സ്ഥാപിച്ചത്. അന്നു മുതൽ നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും പുതു ഞായറാഴ്ചയും വിശ്വാസികൾ ഇവിടേക്ക് മലകയറുന്നത് പതിവാണ്.
​ആത്മീയ ശുശ്രൂഷകൾ
ഞായറാഴ്ച രാവിലെ 7.30-ന് കാഞ്ഞിരങ്ങാട് കുരിശുപള്ളിയിൽ നിന്നു കുരിശിന്റെ വഴിയോടെ തീർഥാടനം ആരംഭിച്ചു. മലമുകളിൽ സമാപിച്ച കുരിശിന്റെ വഴിക്ക് ശേഷം 9.30-ന് അവിടെ വച്ച് ദിവ്യബലി നടന്നു. തുടർന്നായിരുന്നു മലയുടെ ഏറ്റവും മുകളിലുള്ള കുരിശിങ്കലേക്ക് തീർഥാടകർ യാത്ര തുടർന്നത്. തീർഥാടനത്തിന്റെ സമാപന ഭാഗത്ത് എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനത്തിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. “പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള സുരക്ഷിതമായ യാത്രകളും ട്രക്കിങ്ങുമാണ് യഥാർത്ഥ ലഹരിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു”.
​വഞ്ഞോട് വികാരി ഫാ. സന്തോഷ് കിഴക്കൻ പുതുപ്പള്ളി, ഫാ.ബിജു മടത്തിക്കുന്നേൽ എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മാത്യു അറയാനിക്കൽ, ജോമേഷ് വേഗത്താനത്ത്, ജോബി കുടിയിരുപ്പിൽ, മനോജ് അരഞ്ഞാണിയിൽ, സെബിൻ കല്ലുവെട്ടാൻകുഴിയിൽ, നിമൽ പുളിയനാട്ട്, സോണറ്റ് വെട്ടുകല്ലെങ്കിൽ, ഡോ.സിസ്റ്റർ അതുല്യ എസ്.ഐ.സി,കളരി ഗുരുക്കൾ ജയ്ൻ മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമീപത്തെ ആശ്രമങ്ങളിലെ പുരോഹിതരും സിസ്റ്റേഴ്സും വിശ്വാസികളും,നാനാ ജാതി മതസ്ഥരുമുൾപ്പെടെ ആയിരത്തിന് മുകളിൽ ആളുകൾ തീർഥാടനത്തിൽ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here