പതിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്‌സ് ആണ് ഇന്ന് വിധിയെഴുതുന്നത്. ഏഴു മണിയോടെയാണ് പോളിങ് ആരംഭിച്ചത്. തുടക്കം മുതൽ തന്നെ പോളിങ് ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. നടൻ മോഹൻലാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും വിവിധ സ്ഥാനാർഥികളും രാവിലെ വോട്ട് രേഖപ്പെടുത്താൻ എത്തി.
പറവൂരിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുടുംബത്തോടൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. മുടവൻമുഗൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് ചെയ്യാൻ എത്തിയത്. ഗുരുവായൂരിലെ ദേവസ്വം സ്കൂളിലാണ് സുരേഷ്ഗോപി വോട്ട് രേഖപ്പെടുത്താനെത്തിയത്. സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ പാണക്കാട് CKMMALP പോളിംഗ് ബൂത്തിലും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസസ് ഹയർ സെക്കൻഡറി സ്കൂളിലെ 138 നമ്പർ ബൂത്തിൽ വോട്ട് ചെയ്തു.
അതേസമയം വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് ഉടുമ്പൻചോല മണ്ഡലത്തിലെ മൂന്നിടങ്ങളിൽ പോളിങ് വൈകുന്നു.മോക്ക് പോളിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. വിവിപാറ്റ് മെഷീനുകൾ മാറ്റിവെച്ച് പ്രശ്നം പരിഹരിക്കുമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. വൈകുന്നേരം ആറു മണി വരെയാണ് പോളിങ് നടക്കുക.

