6.3 C
London
Tuesday, April 21, 2026

വീടുമാറിയപ്പോള്‍ അയല്‍ക്കാരന് നല്‍കിയ അലമാരയില്‍ 9 വര്‍ഷത്തിന് ശേഷം ‘പൊന്നിന്‍ തിളക്കം’; ‘ഒളിച്ചിരുന്ന’ അഞ്ചു പവന്‍ കൈമാറി

- Advertisement -spot_img

കട്ടപ്പന: വീടുമാറിയപ്പോള്‍ അയല്‍ക്കാരന് നല്‍കിയ അലമാരയില്‍ അഞ്ചു പവനില്‍ അധികം സ്വര്‍ണാഭരണങ്ങളും 7000 രൂപയും ( നിരോധിച്ച പഴയ നോട്ട്). 9 വര്‍ഷം മുന്‍പാണ് അയല്‍ക്കാരന് അലമാര നല്‍കിയത്. അലമാരയിലുള്ള ചെറിയ അറ അടയ്ക്കാനും തുറക്കാനും പറ്റാതായതോടെ ഇളക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണാഭരണങ്ങളും പണവും ശ്രദ്ധയില്‍പ്പെട്ടത്. ഈസ്റ്റര്‍ ദിനത്തില്‍ സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കി അയല്‍വാസി സ്‌നേഹ മാതൃകയായി.

അധ്യാപകനായ ഇടുക്കി വെള്ളയാംകുടി കൈനിക്കുന്നേല്‍ ജിജോ 9 വര്‍ഷം മുന്‍പ് വീടുവിറ്റ് ഫ്‌ലാറ്റിലേക്ക് മാറിയപ്പോള്‍ വീട്ടിലെ ഒരു സ്റ്റീല്‍ അലമാര, തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുന്ന മരോട്ടിശേരില്‍ ബാബുവിന് കൈമാറുകയായിരുന്നു. ജിജോയുടെ അമ്മ ഉപയോഗിച്ചിരുന്ന അലമാരയായിരുന്നു ഇത്. അലമാരയിലെ ഇളക്കിയെടുത്ത ചെറിയ അറയുടെ പിന്‍വശത്തുള്ള തട്ടില്‍ ബാബു ഒരു തിളക്കം കണ്ടു. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അഞ്ചു പവനിലധികം സ്വര്‍ണാഭരണങ്ങളും 7000 രൂപയുടെ നോട്ടുകളും കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ജിജോവിനെ ബാബു വിളിച്ച് അറിയിക്കുകയായിരുന്നു. നഗരസഭ കൗണ്‍സിലര്‍ ബീന സിബിയുടെ സാന്നിധ്യത്തില്‍ ഈസ്റ്റര്‍ ദിനത്തിലാണ് ഇവ കൈമാറിയത്.

ജിജോയുടെ അമ്മ 11 വര്‍ഷം മുന്‍പാണ് മരിച്ചത്. അമ്മ സൂക്ഷിച്ചിരുന്ന വള, മാല, കമ്മല്‍, കൊന്ത എന്നിവയാണ് കണ്ടെത്തിയത്. ഈ ആഭരണങ്ങള്‍ ജിജോ അന്ന് അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here