10.7 C
London
Tuesday, April 21, 2026

മാനന്തവാടിയിൽപോരാട്ടം കടുപ്പിച്ച് മുന്നണികൾ

- Advertisement -spot_img

കല്‍പറ്റ: മാനന്തവാടി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഭിമാനപ്പോരാട്ടം. ജയിച്ചേ തീരൂ എന്ന വാശിയിലാണ് ഇടതും വലതും പക്ഷങ്ങള്‍. പരമാവധി വോട്ടുകള്‍ താമര അടയാളത്തില്‍ വീഴ്ത്താന്‍ എന്‍ഡിഎ നടത്തുന്നതും കൊണ്ടുപിടിച്ച ശ്രമം.
കാലാവധി പൂര്‍ത്തിയായ പിണറായി മന്ത്രിസഭയിലെ പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രിയും സിപിഎം സംസ്ഥാന സമിതിയംഗവുമായ ഒ.ആര്‍. കേളുവാണ് മാനന്തവാടിയിലെ ഇടത് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ തുടര്‍ച്ചയായി മൂന്നാം വിജയം ലക്ഷ്യമിടുന്ന അദ്ദേഹം വോട്ടര്‍മാര്‍ കൈവിടില്ലെന്ന വിശ്വാസത്തിലാണ്. എം

എല്‍എ, മന്ത്രി എന്നീ നിലകളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ മണ്ഡലത്തിലെത്തിച്ച വികസന പദ്ധതികള്‍ വിജയത്തിന് തുണയാകുമെന്ന് അദ്ദേഹം കരുതുന്നു. മണ്ഡലത്തിലെ ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കേളുവിന്റെ വിജയത്തില്‍ സംശയമില്ല. വയനാട്ടില്‍നിന്ന് ഇത്തവണ നിയമസഭ കാണുന്നവരില്‍ ഒരാള്‍ കേളുവായിരിക്കുമെന്ന് അവര്‍ സങ്കോചമില്ലാതെ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലം പരിധിയിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും നേടിയ മേല്‍ക്കൈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിക്കില്ലെന്നാണ് ഇടത് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അനുമാനം. കേളുവിന്റെ വിജയം സുനിശ്ചിമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം അഖിലേന്ത്യ സെക്രട്ടറി കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്. സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്താണ് ബേബി മടങ്ങിയത്. മണ്ഡലത്തില്‍ കേളുവിന് മുന്നണിയുടേതിനു പുറമേ പുറമേ സ്വന്തമായും കുറെയേറെ വോട്ട് ഉണ്ടെന്നാണ് എല്‍ഡിഎഫ് നേതാക്കളുടെ പക്ഷം.

മണ്ഡലത്തില്‍ ഇനിയും ഒരു തോല്‍വി യുഡിഎഫിന് താങ്ങാവുന്നതിനും അപ്പുറമാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ഐക്യമുന്നണിക്ക് ഒപ്പം നിന്നില്ല. ഇതിന് കോണ്‍ഗ്രസിലെ അനൈക്യം ഉള്‍പ്പെടെ കാരണങ്ങളുണ്ട്. രണ്ടുതവണയും യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ജയലക്ഷ്മിയെ കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗം വാരി. ഇതേക്കുറിച്ചോര്‍ത്ത് ഈയിടെയും ജയലക്ഷ്മി കണ്ണീര്‍ വാര്‍ത്തു.

മുന്‍ തോല്‍വികളില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് യുഡിഎഫ് ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മണ്ഡലത്തില്‍ ഗതകാല പ്രതാപം തിരിച്ചുപിടിക്കണെന്ന ഉറച്ചതീരുമാനത്തിലാണ് യുഡിഎഫ്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുവിധം പറഞ്ഞൊതുക്കിയിട്ടുണ്ട്.

മഹിളാ കോണ്‍ഗ്രസ്-ആദിവാസി കോണ്‍ഗ്രസ് നേതാവും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഉഷ വിജയനാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. മുസ്‌ലിംലീഗ് നേതൃത്വം ചെലുത്തിയ സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് പല പേരുകള്‍ വെട്ടി ഉഷ വിജയനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. നിയമസഭയിലേക്കുള്ള ഉഷ വിജയന്റെ കന്നി അങ്കത്തില്‍ വിജയം അനിവാര്യതയായി കാണുന്ന മുസ്‌ലിംലീഗ് പ്രചാരണരംഗത്ത് വിട്ടുവീഴ്ചകള്‍ക്ക് തയാറാകുന്നതേയില്ല. മുസ്‌ലിംലീഗ് അംഗങ്ങളും അണികളും ഉണര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ ഒപ്പം നില്‍ക്കാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.

മണ്ഡലത്തിലെ പഴുതടച്ച പ്രചാരണം വലിയ സാധ്യതയായാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. യുഡിഎഫിലെ ഉന്നത നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തും.
ത്രികോണ മത്സരമാണ് മാനന്തവാടിയില്‍. ബിജെപി സംസ്ഥാന സെക്രട്ടറി പി. ശ്യാം രാജാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ഇടുക്കി സ്വദേശിയായ അദ്ദേഹം ഇടത്, വലത് പക്ഷങ്ങളെ കടന്നാക്രമിച്ചാണ് വോട്ട് ഉറപ്പിക്കുന്നത്. പ്രചാരണത്തില്‍ ഗോത്ര മേഖലകളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന ശ്യാം രാജും മുന്നണിയും കാല്‍ ലക്ഷത്തില്‍ കുറയാത്ത വോട്ടാണ് ഉന്നമിടുന്നത്.

മാനന്തവാടി നഗരസഭയും എടവക, തിരുനെല്ലി, തവിഞ്ഞാല്‍, പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളും അടങ്ങുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് ഇടതു മുന്നണിക്ക് ഭരണം കിട്ടിയത്. മണ്ഡലം പരിധിയില്‍ വലതു മുന്നണിക്ക് ഇടത് മുന്നണിയേക്കാള്‍ 11,543 വോട്ട് അധികം നേടാനായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here