10.6 C
London
Monday, April 20, 2026

‘പരാതി തികഞ്ഞ ​ഗൗരവത്തോടെ കാണുന്നു, രഞ്ജിത്തിനെ രണ്ട് യൂണിയനിൽ നിന്നും മാറ്റി നിർത്തും’; നടപടിയുമായി ഫെഫ്ക

- Advertisement -spot_img

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിയുമായി ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). രഞ്ജിത്തിനെതിരെ നടപടികൾക്കുള്ള നിർദേശം നൽകിയതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

“സാധാരണ​ഗതിയിൽ ഇങ്ങനത്തെ സാഹചര്യത്തിൽ നമുക്കൊരു നിലപാടെ ഉള്ളൂ. ലൈം​ഗികാതിക്രമ കേസുകളിൽ പെട്ട ഒരാൾ ഞങ്ങളുടെ അം​ഗമാണെങ്കിൽ ഒരു തീർപ്പുണ്ടാകുന്നതുവരെ അ​ദ്ദേഹത്തെ മെമ്പർഷിപ്പിൽ നിന്ന് മാറ്റി നിർത്തുക എന്നതാണ് നടപടിക്രമം.

ആ നിർദേശം ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിക്കും ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിക്കും കൊടുത്തിട്ടുണ്ട്. അവർ ഓൺലൈനായി ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയിട്ട് അതിലൊരു തീരുമാനം എടുക്കും. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിലും ഫെഫ്ക റൈറ്റേഴ്സ് യൂണിയനിലും രഞ്ജിത്ത് അം​ഗമാണ്.

അതാണ് നടപടിക്രമം, അത് പാലിക്കണമെന്ന് പറഞ്ഞാണ് ഞാൻ നിർദേശം നൽകിയിരിക്കുന്നത്. അതിന്റെ നടപടിക്രമങ്ങൾ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് പാസ് ആക്കേണ്ടത്. എല്ലാ കേസിലും മാറ്റി നിർത്തുക തന്നെയാണ് നമ്മൾ ചെയ്തിരിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ ഞാൻ ഇക്കാര്യം പരിശോധിച്ചിരുന്നു, ഐസിസിയിൽ അങ്ങനെയൊരു പരാതി വന്നിട്ടില്ല.

അസോസിയേറ്റ് ഡയറക്ടർ ശാലിനി, കോസ്റ്റ്യൂമിൽ പ്രവർത്തിക്കുന്ന പ്രിയ എന്നിവരാണ് ഐസിസിയിൽ പ്രവർത്തിക്കുന്ന വനിത അം​ഗങ്ങൾ. ഞാൻ അത് ചെക്ക് ചെയ്തു. ഐസിസി ഇല്ലെങ്കിൽ ഇപ്പോൾ നമ്മൾ സഹകരിക്കില്ല. അത് പബ്ലിഷ് ചെയ്യണം. മറ്റേത് തൊഴിലിടത്തെ പോലെയോ അതിനേക്കാൾ ഒരുപടി മുകളിലോ ധൈര്യമായിട്ട് വന്ന് പ്രവർത്തിക്കാനുള്ള ഒരു അന്തരീക്ഷമുണ്ടാകണം സിനിമയിൽ.

അതിനാണല്ലോ നമ്മൾ എല്ലാവരും പ്രവർത്തിക്കുന്നത്. പക്ഷേ നിർഭാ​ഗ്യവശാൽ ഇങ്ങനെയൊരു സംഭവം നടന്നു. അത് ഒരിക്കലും സംഭവിക്കരുതാത്തത് ആയിരുന്നു. അതിനെ ഞങ്ങൾ തികഞ്ഞ ​ഗൗരവത്തോട് കൂടി തന്നെ കാണുന്നു. അതുകൊണ്ടാണ് ഇത്തരം നടപടിക്രമങ്ങളിലേക്ക് ഒട്ടും കാലതാമസമില്ലാതെ കടന്നിരിക്കുന്നത്.

ബാക്കിയുള്ള കാര്യങ്ങൾ പൊലീസിന്റെ അന്വേഷണമാണ്. അത് അറിയട്ടെ, കോടതിയിലുമാണല്ലോ വിഷയം. എന്നിട്ട് നമുക്ക് ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാം. കോടതി തീരുമാനമുണ്ടാകുന്നതുവരെ ഞങ്ങളുടെ നിലപാട് ഇത് തന്നെയായിരിക്കും. അതിലൊരു മാറ്റവുമില്ല. ഇതിന് മുൻപ് രഞ്ജിത്തിനെതിരെ വന്ന രണ്ട് കേസുകളും കോടതി ഇടപെട്ട് റദ്ദാക്കിയതാണ്.

അതിന്റെ മെറിറ്റിലേക്ക് കടക്കാൻ ഇപ്പോൾ നമുക്ക് സാധ്യമല്ലല്ലോ. ഇപ്പോൾ നടക്കുന്ന ഒരു സിനിമയുടെ സെറ്റിലുണ്ടായ വിഷയത്തെ കുറിച്ചാണ് നടി പരാതിപ്പെട്ടിരിക്കുന്നത്. അതിനെ നമ്മൾ അതേ ​ഗൗരവത്തോടു കൂടി കണ്ടേ മതിയാകൂ. ഞങ്ങളുടെയെല്ലാം അടുത്തസുഹൃത്തും സഹപ്രവർത്തകനുമാണ്.

അപ്പോൾ അദ്ദേഹത്തിന്റെ ആരോ​ഗ്യത്തെക്കുറിച്ചൊക്കെ ഞങ്ങൾക്ക് ആശങ്കയുണ്ട്. അത് മറ്റൊരു പ്രശ്നമാണ്. അതും ഇതും കൂടി കൂട്ടിക്കലർത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല”.- ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് യുവനടിയുടെ പരാതിയിൽ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here