7.6 C
London
Monday, April 20, 2026

എസ്ഡിപിഐ ആര്‍എസ്എസിന്റെ ഉത്പന്നം; അവരുമായി യാതൊരു നീക്കുപോക്കോ ധാരണയോ ഉണ്ടാക്കിയിട്ടില്ല : എംഎ ബേബി

- Advertisement -spot_img

തിരുവനന്തപുരം: എസ്ഡിപിഐ-സിപിഎം ബന്ധം എന്നത് കനഗോലു ക്യാപ്‌സൂള്‍ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. എസ്ഡിപിഐയുമായി യാതൊരു നീക്കുപോക്കോ ധാരണയോ സിപിഎം ഉണ്ടാക്കിയിട്ടില്ല. എസ്ഡിപിഐ ആര്‍എസ്എസിന്റെ ഉത്പന്നമാണ്. പിന്തുണ പ്രഖ്യാപിച്ചാല്‍ പോളിങ് ബൂത്തില്‍ പോയി തടയാന്‍ കഴിയില്ലല്ലോ എന്നും എംഎ ബേബി പറഞ്ഞു. എസ്ഡിപിഐ ഇപ്പോള്‍ നടത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനം ജനാധിപത്യത്തിന് അനുഗുണമല്ല എന്നാണ് സിപിഎമ്മിന്റെ നിരീക്ഷണം. ഇത്തരത്തിലുള്ള പാര്‍ട്ടികള്‍ എല്ലാം അവരുടെ നിലപാടുകള്‍ തിരുത്തേണ്ടതാണെന്ന് എംഎ ബേബി പറഞ്ഞു.

ഇത്തരം പാര്‍ട്ടികള്‍ ജനാധിപത്യ രാഷ്ട്രീയ ശൈലി സ്വീകരിക്കുകയാണ് വേണ്ടത്. അവര്‍ക്കു തന്നെ നല്ലതല്ല മറ്റു തരത്തിലുള്ള ശൈലികള്‍ സ്വീകരിക്കുന്നത്. എസ്ഡിപിഐ എന്നത് ആര്‍എസ്എസിന്റെ ഉത്പന്നം മാത്രമാണ്. അതുകൊണ്ട് എസ്ഡിപിഐക്കാരോട് സിപിഎമ്മിന് പറയാനുള്ളത്, എസ്ഡിപിഐയുടെ നിലപാട് തിരുത്തണം എന്നാണ്. ഈ സംഘടനകളില്‍ നിന്നും ഒരു സഹായവും സ്വീകരിക്കുന്ന സമീപനം സിപിഎമ്മിനോ എല്‍ഡിഎഫിനോ ഇല്ലെന്നും ജനറല്‍ സെക്രട്ടറി എംഎ ബേബി വ്യക്തമാക്കി.

പോളിങ് ബൂത്തില്‍ ചെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാന്‍ പോകുന്നുണ്ടോ എന്ന് നോക്കി, അവരുടെ കൈ പിടിച്ചു തടസ്സപ്പെടുത്തുന്ന പരിപാടി നമുക്ക് സാധ്യമല്ലല്ലോ എന്നും എംഎ ബേബി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയാകട്ടെ മതരാഷ്ട്ര വാദികളാണ്. അതല്ല തങ്ങളുടെ നിലപാടെങ്കില്‍ അത് തുറന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യട്ടെ. ഇടതുമുന്നണിയില്‍ ഇപ്പോള്‍ ആരൊക്കെയുണ്ടോ, സഹായിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളവരുണ്ട്, അവരുടെയെല്ലാം സഹായത്തോടു കൂടിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്.

പിഡിപി ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത് പിഡിപിയുടെ സ്വാതന്ത്ര്യമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുമുന്നണിയാണ് ആശ്രയം എന്ന നിലപാട് പിഡിപി പ്രഖ്യാപിച്ചിരിക്കുന്നു. പിഡിപി ഒരു ഘട്ടത്തില്‍ വര്‍ഗീയമായ നിലപാട് സ്വീകരിച്ചിരുന്ന പാര്‍ട്ടിയാണ്. മദനിയും അത്തരത്തില്‍ നിലപാടുകള്‍ എടുത്തിരുന്നു. പിന്നീട് മദനിയും തന്റെ നിലപാട് മാറ്റി. നിയമപരവും ജനാധിപത്യപരവുമായ പ്രവര്‍ത്തനം മാത്രമേ ഇനി നടത്തൂവെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഇപ്പോള്‍ കെപിസിസിയും യുഡിഎഫും തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണത്തില്‍ പറയുന്നത് കനഗോലു എന്നയാള്‍ കൊടുക്കുന്ന ക്യാപ്‌സൂളുകളാണ്. നേരത്തെ ബിജെപിയുമായി സിപിഎമ്മിന് ഡീല്‍ ഉണ്ടെന്നാണ് ഇവര്‍ പറഞ്ഞത്. ഇക്കാര്യം രാഹുല്‍ഗാന്ധിയെക്കൊണ്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെക്കൊണ്ടും ഇവര്‍ പറയിപ്പിച്ചു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപിയുടെ ഫാസിസത്തെയും വര്‍ഗീയതയെയും അതോടൊപ്പം എസ്ഡിപിഐയും ജമാത്തെ ഇസ്ലാമിയുടെ വര്‍ഗീയനിലപാടുകളെയും സിപിഎം എതിര്‍ക്കുമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിയെഴുത്ത് കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനക്ഷേമത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താരതമ്യമില്ലാത്ത മുന്നേറ്റങ്ങള്‍ കേരളത്തില്‍ കൈവരിച്ചിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് യുഡിഎഫ് ഡീലിന്റെ ഭാഗമായിട്ടാണെന്നും എംഎ ബേബി വ്യക്തമാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here