13.1 C
London
Monday, April 20, 2026

തുരങ്ക പാത പദ്ധതി നാടിന് വിപത്ത്: എം. രാധാകൃഷ്ണന്‍

- Advertisement -spot_img

കല്‍പ്പറ്റ: പിണറായി സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് നടപ്പാക്കുന്ന കള്ളാടി-ആനക്കാംപൊയില്‍ തുരങ്ക പാത പദ്ധതി നാടിന് വിപത്താണെന്ന് മണ്ഡലം സിപിഐ(എംഎല്‍) സ്ഥാനാര്‍ഥി എം. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടുകാരുടെ യാത്രാപ്രശ്‌നം പരിഹരിക്കാനെന്നുപറഞ്ഞാണ് തുരങ്ക പാത പദ്ധതി പ്രഖ്യാപിച്ചത്. ടൂറിസം വികസനത്തിനാണ് പദ്ധതിയെന്നാണ് ഇപ്പോള്‍ പറയുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗവും നിരന്തരം മലയിടിച്ചില്‍ ഉണ്ടാകുന്നതുമായ പ്രദേശത്താണ് പദ്ധതി പ്രവൃത്തികള്‍ നടത്തുന്നത്. ജില്ലയ്ക്ക് വിനയാകുന്നതാണ് മല തുരന്നുള്ള നിര്‍മാണം. നാടിനോടും ജനങ്ങളോടും ആത്മാര്‍ഥതയുണ്ടെങ്കില്‍ പദ്ധതി ഉപേക്ഷിക്കുകയാണ് ചെയ്യേണ്ടത്. പദ്ധതിയുടെ ദോഷവശങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് വിശദീകരിക്കും.
വയനാട് ഗവ.മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനങ്ങള്‍ പൊതുവേ വഞ്ചിതരായി. മടക്കിമലയില്‍ സൗജന്യമായി ലഭിച്ച 50 ഏക്കറില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തീരുമാനം. എന്നാല്‍ മടക്കിമലയില്‍ ഏറ്റെടുത്ത ഭൂമിയില്‍ മെഡിക്കല്‍ കോളജിന് നിര്‍മാണം നടത്തേണ്ടെന്ന നിലപാടാണ് പിന്നീടുവന്ന ഇടതു സര്‍ക്കാര്‍ സ്വീകരിച്ചത്. ഇല്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിലായിരുന്നു ഇത്. പതിറ്റാണ്ടുമുമ്പ് പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിന് ഇതുവരെ സ്ഥലം ഏറ്റെടുത്തിട്ടില്ല. മാനന്തവാടിക്കടുത്ത് വനഭൂമി മെഡിക്കല്‍ കോളജിന് ഉപയോഗപ്പെടുത്താനാണ് ഇപ്പോള്‍ നീക്കം. മെഡിക്കല്‍ കോളജ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും എളുപ്പം എത്താവുന്ന പ്രദേശത്ത് സ്ഥാപിക്കുന്നതില്‍ വലത് പാര്‍ട്ടികളും ബിജെപിയും പ്രത്യേക താത്പര്യം കാട്ടുകയോ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയോ ചെയ്തില്ല.

ജനവിരുദ്ധ മുന്നണികള്‍ക്കെതിരേ ജനകീയ ബദല്‍ എന്ന ലക്ഷ്യവുമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗ്യാസ് സിലിണ്ടറാണ് തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമെന്നും റിട്ട.ഹെഡ്മാസ്റ്ററുമായ രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഐ(എംഎല്‍) ജില്ലാ സെക്രട്ടറി സാം പി. മാത്യു, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ഇ.ജെ. ദേവസ്യ, ട്രഷറര്‍ പി.വി. തോമസ് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here