കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രചാരണത്തിനു കെ പി സി സി തയാറാക്കിയ ‘ഗ്യാരന്റി ബസ്’ 14 ജില്ലകളിലും എത്തും.
‘ഇന്ദിര ഗ്യാരന്റി’ എന്നു പേരിലെ ബസിൽ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യവും ഉണ്ട്. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, ക്ഷേമപെൻഷനുകൾ 3000 രൂപ ആയി ഉയർത്തും, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളിൽ പതിപ്പിച്ചിരിക്കുന്നത്.
‘പുതുയുഗ കേരളത്തിന് ഇന്ദിര ഗ്യാരന്റി’ എന്നാണ് ബസിന്റെ പിന്നിൽ. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ദിര ഗാന്ധി എന്നിവരുടെ ചിത്രങ്ങളും ബസിന്റെ വശങ്ങളിൽ ഉണ്ട്. ഇൻഷുറൻസ് സംബന്ധിച്ച കുറിപ്പിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ചിത്രവും ഉണ്ട്. എല്ലാ ജില്ലകളിലും ബസ് എത്തിക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.
38 സീറ്റുള്ള ബസിന്റെ ആദ്യ യാത്രയിൽ ആരോഗ്യമേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ.കെ.ഹർഷിന ഉൾപ്പെടെ സമൂഹത്തിന്റെ ആറു മേഖലകളിൽ നിന്നുള്ള വ്യക്തികളും യുഡിഎഫ് നേതാക്കളുമാണ് സഞ്ചരിക്കുക. ഫ്ലാഗ് ഓഫിനു ശേഷം ബസ് കേരളത്തിൽ ഉടനടീളം സഞ്ചരിക്കുകയും ജില്ലകളിലെ പ്രധാന പോയിന്റുകളിൽ പ്രചാരണ ബോധവൽക്കരണ പരിപാടികളിൽ ഉൾപ്പെടുത്താനാണ് പദ്ധതി. ബസ് കഴിഞ്ഞ ദിവസം കോഴിക്കോടു നടന്ന യുഡിഎഫ് പരിപാടിയോടനുബന്ധിച്ച് കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്.

