6.7 C
London
Wednesday, April 22, 2026

മാനന്തവാടി മണ്ഡലത്തിൽ പണിയ വിഭാഗത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ വിവിധ ആദിവാസി ദളിത് സംഘടനകൾ തീരുമാനിച്ചു

- Advertisement -spot_img

വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദിവാസി-ദളിത് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുള്ള, പണിയ സമുദായത്തിൽ നിന്നുള്ള സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് വയനാട് ജില്ല, ആദിവാസി കൂട്ടായ്മയുടെ നേതാക്കൾ പ്രസ്താവിച്ചു. ആദിവാസി വനിതാ പ്രസ്ഥാനം,ആദിവാസി ഗോത്ര മഹാസഭ, പണിയ സമാജം, കാട്ടുനായകൻ-അടിയൻ-പണിയൻ-വെട്ടുകുറുമൻ വെൽഫെയർ സൊസൈറ്റി, ആദിവാസി ക്ഷേമ സംഘം,ആദിശക്തി സമ്മർ സ്കൂൾ, മുത്തങ്ങ പുനരധിവാസ സമിതി,വിവിധ പണിയ സമുദായ സംഘടനകൾ, പട്ടികജാതി സമാജ കൂട്ടായ്മ,അംബേദ്കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് തുടങ്ങിയ നിരവധി ആദിവാസി-ദളിത് പ്രസ്ഥാനങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. നാളിതുവരെ ജനാധിപത്യ-രാഷ്ട്രീയ മണ്ഡലങ്ങളിലെ പദ്ധതികളിൽ നിന്നെല്ലാം മാറ്റി നിർത്തപ്പെട്ട വിഭാഗമാണ് പണിയർ, അടിയർ, കാട്ടുനായ്ക്കർ, വേട്ടക്കുറുമർ തുടങ്ങിയവർ. അടിമത്തം ഒരു നൂറ്റാണ്ട് മുൻപ് നിരോധിച്ചിട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ വിഭാഗങ്ങൾ രാഷ്ട്രീയ അടിമകളായി നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇടത്-വലത് മുന്നണികൾ. വയനാട് ജില്ലയിൽ രണ്ട് സംവരണ മണ്ഡലങ്ങൾ ഉണ്ടെങ്കിലും വളർച്ച നേടിയ ചില സമുദായങ്ങൾ മാത്രം നിയമസഭയിൽ ഉണ്ടായാൽ മതിയെന്നാണ് ഇടത്-വലത് മുന്നണികൾ കരുതുന്നത്. രാജ്യം എത്ര പുരോഗമിച്ചാലും പണിയ-അടിയ-കാട്ടുനായ്ക്ക-വേട്ടക്കുറുമ തുടങ്ങിയ വിഭാഗങ്ങൾ അടിമകളായ വോട്ടർമാരായി തുടർന്നാൽ മതിയെന്ന ചിന്ത, വംശീയ വിവേചനം അല്ലാതെ മറ്റൊന്നുമല്ല. മേൽപ്പറഞ്ഞ സമുദായങ്ങൾ സംഘടിത രാഷ്ട്രീയ പാർട്ടികളുടെ ഫിക്സഡ് ഡെപ്പോസിറ്റായി തുടരും എന്ന അന്ധവിശ്വാസത്തിലാണ് രാഷ്ട്രീയ മുന്നണികൾ. ദേശീയ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ ഈ വിവേചനം തുടരുന്നു എന്നത് പൊതു ചർച്ചയ്ക്ക് വിധേയമാകേണ്ടതാണ്. പണിയസമുദായത്തിൽ നിന്നും ഒരു സ്വതന്ത്രസ്ഥാനാർഥി മത്സരിക്കുന്നതോടെ LDF, UDF മുന്നണികളുടെ ജാതി വിവേചനത്തിന് പ്രഹരമേൽക്കും.

രാഷ്ട്രീയ പ്രബുദ്ധരായ ദളിത്-ആദിവാസി പ്രവർത്തകരെ കേരളത്തിൽ പൊതുവിൽ മാറ്റിനിർത്തുന്നത് LDF, UDF തുടരുന്ന ഒരു നയമാണ്. ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പരിഗണനയിൽ പ്രമുഖ ദളിത് നേതാക്കൾ അവഗണിക്കപ്പെടുന്നു എന്നത് ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്. മേൽപ്പറഞ്ഞ അവഗണന പ്രശ്നം മാത്രമല്ല വയനാട്ടിൽ ഉള്ളത്. ജന്മിത്ത കാലഘട്ടത്തിലെ അടിമത്വത്തിന്റെ തുടർച്ചയായി രാഷ്ട്രീയ പ്രാതിനിധ്യത്തിൽ അടിമത്വവും, വംശീയതയും നിലനിർത്തുന്നു എന്നതാണ്. പ്രാതിനിത്യത്തേക്കാൾ ഉപരി രാഷ്ട്രീയത്തിൽ തുടരുന്ന വംശീയത അവസാനിപ്പിക്കുന്നതിന് കൂടിയാണ് പണിയ സമുദായത്തിലെ വിദ്യാസമ്പന്നരായവരെ പരിഗണിക്കേണ്ടതെന്ന് UDF-ൻ്റെ നേതൃത്വങ്ങളെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഈ ആവശ്യം ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ടാകും എന്ന് പ്രതീക്ഷിക്കാൻ ആകില്ല. അതിപിന്നോക്കരായ ഗോത്രവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള പ്രാതിനിത്യത്തിന്റെ ആവശ്യം കത്തുകളിലൂടെ ശ്രീ.രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെയും അറിയിച്ചിട്ടുള്ളതാണ്. എന്നാൽ വർഷങ്ങളായി തുടരുന്ന മനോഭാവത്തിൽ നിന്നും യാതൊരു മാറ്റത്തിനും രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് സ്വതന്ത്രമായി മത്സരിക്കുന്നത്. നിയമസഭയിലെ രാഷ്ട്രീയ ഇടപെടൽ അടുത്ത ലോകസഭ തെരഞ്ഞെടുപ്പിലും തുടരും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ മണ്ഡലത്തിലെ നീതി നിഷേധം ദേശീയതലത്തിൽ തുറന്നു കാട്ടുകയും ചെയ്യും.

എം.ഗീതാനന്ദൻ
(ജനറൽകോർഡിനേറ്റർ,ആദിവാസി ഗോത്ര മഹാസഭ)

ഡോ.അമ്മിണി.കെ.വയനാട്
(പ്രസിഡൻ്റ്, ആദിവാസി വനിതാ പ്രസ്ഥാനം)
കമല ഏച്ചോം
(എക്സിക്യൂട്ടീവ് അംഗം, ആദിവാസി വനിത പ്രസ്ഥാനം)

മണികണ്ഠൻ.സി,
വേലായുധൻ,
സുരേഷ് മുണ്ടക്കൊല്ലി
(പണിയ സമാജം)

വേലായുധൻ ചീരാൽ
(ചെയർമാൻ, മുത്തങ്ങ പുനരധിവാസ സമിതി)

അശോക് കുമാർ മുത്തങ്ങ
(പ്രസിഡൻ്റ്, കാട്ടുനായകൻ അടിയൻ പണിയൻ ഊരാളി വെട്ടുകുറുമൻ വെൽഫെയർ സൊസൈറ്റി)
സുരേഷ്-സെക്രട്ടറി
നിഷ- ജോയിൻ്റ് സെക്രട്ടറി
പ്രസാദ്-എക്സിക്യൂട്ടീവ് അംഗം
(കാട്ടുനായകൻ അടിയൻ പണിയൻ ഊരാളി വെട്ടുകുറുമൻ വെൽഫെയർ സൊസൈറ്റി)

ഗിരീഷ് പനങ്കണ്ടി
(വയനാട്ജില്ലാ കമ്മിറ്റി പ്രസിഡന്റ്,പട്ടികജാതിസമാജക്കൂട്ടായ്മ)

രാമചന്ദ്രൻ പഴുപത്തൂർ
(കോർഡിനേറ്റർ,പട്ടികജാതിസമാജക്കൂട്ടായ്മ)

അപ്പു.സി
അഞ്ചു
(ആദിവാസി ക്ഷേമ സംഘം)

രേഷ്മ കെ.ആർ
(ചെയർപേഴ്സൺ, ആദിശക്തി സമ്മർ സ്കൂൾ)

സതിശ്രീ ദ്രാവിഡ്
(കോർഡിനേറ്റർ, ഇൻഡിജനസ് പീപ്പിൾസ് കലക്ടീവ്)

മത്തായി നെടിയാനികുഴി
(മാനേജിംഗ് ഡയറക്ടർ,പണിയൻസ് ഫുഡ്സ് ആൻഡ് കാറ്ററിംഗ്, എക്സിക്യൂട്ടീവ് അംഗം- മലവയൽ കരിന്തണ്ടൻ ട്രൈബൽ വായനശാല,)

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here