8.9 C
London
Friday, April 24, 2026

‘ഇത്ര ക്രൂരത അരുത്, മന്ത്രി അഭിനയിച്ചു നാടകം കളിച്ചുവെന്ന പ്രചാരണം മനുഷ്യത്വമില്ലായ്മ’; സെല്‍ഫി വിവാദത്തില്‍ നഴ്‌സിന്റെ കുറിപ്പ്

- Advertisement -spot_img

കണ്ണൂര്‍: കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മന്ത്രി വീണാ ജോര്‍ജിനൊപ്പം ഫോട്ടോ എടുത്തതില്‍ വിശദീകരണവുമായി നഴ്സ്. പരിയാരം മെഡിക്കല്‍ കോളജിലെ നഴ്സ് പി സി സ്മിതയാണ് ഫെയ്‌സ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയത്.

കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മന്ത്രിക്ക് എംആര്‍ഐ സ്‌കാന്‍ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ടായിരുന്നു. രാത്രിയില്‍ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനയ്‌ക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങള്‍ക്ക് മനസ്സിലായെന്നും സ്മിത പറയുന്നു.

രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങള്‍ നിര്‍ബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഐസിയുവിലെ നഴ്സുമാരായ തങ്ങള്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്. തന്റെ ഉള്‍പ്പടെ പിന്തുണ അറിയിക്കല്‍ കൂടിയാണത്. മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവര്‍ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്‌കണക്ട് ചെയ്തതാണ് .സൂചി ഇട്ടിട്ടുണ്ട്. മുന്‍പ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവര്‍ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്‍പ്പം ദയ കാണിക്കാനും കുറിപ്പില്‍ പറയുന്നു.

മന്ത്രിക്കൊപ്പം ഐസിയുവില്‍വെച്ച് നഴ്സുമാര്‍ എടുത്ത ചിത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയില്‍ കഴിയുന്നത് എന്നതടക്കമായിരുന്നു വിമര്‍ശനം.

അതേസമയം വീണാ ജോര്‍ജ് ഇന്ന് പുലര്‍ച്ചെ ആശുപത്രി വിട്ടു. കണ്ണൂരില്‍ നിന്ന് ഔദ്യോഗിക വാഹനത്തില്‍ റോഡ് മാര്‍ഗം മന്ത്രി തലസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. തുടര്‍ ചികിത്സകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും. ഇന്നലെ രാത്രിയില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡ് യോഗത്തില്‍ മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ മന്ത്രിയും ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടിരുന്നു.

ഈ മാസം 25ന് വൈകീട്ടാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. കെഎസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here