9.7 C
London
Sunday, April 26, 2026

‘നാഴികയ്ക്ക് 40 വട്ടം ദലിത് പ്രേമം പറയുന്ന വേടൻ എന്തേ ഒരു ദലിത് പെൺകുട്ടിക്ക് ജീവിതം കൊടുക്കാത്തത്!’; വിവാഹത്തിന് പിന്നാലെ വേടനെതിരെ സൈബർ ആക്രമണം

- Advertisement -spot_img

റാപ്പര്‍ വേടനും (ഹിരണ്‍ദാസ് മുരളി) എഴുത്തുകാരി നവമിലതയും തമ്മിലുള്ള വിവാഹം വലിയ വാർത്തയായി മാറിയിരുന്നു. തൃശൂരിലെ വേടന്റെ വീട്ടിൽവച്ചാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ലളിതമായി നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവരുടെയും അനുഗ്രഹമുണ്ടായിരുന്നതു കൊണ്ട് പ്രതീക്ഷിച്ചതിലും അടിപൊളിയായി വിവാഹം നടന്നു എന്ന് വേടൻ പറഞ്ഞു.

വിവാഹത്തിന് പിന്നാലെ വേടനെതിരെ സൈബർ ആക്രമണവും ഉയരുകയാണ്. വേടനെയും ജീവിത പങ്കാളിയെയും അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകളടക്കമാണ് വിവാഹ വിഡിയോയുടെയും ചിത്രങ്ങളുടെയും താഴെ ഉയരുന്നത്.

“നാഴികയ്ക്ക് 40 വട്ടം ദളിത് പ്രേമം പറയുന്ന വേടൻ എന്തേ, ഒരു ദളിത് പെൺകുട്ടിക്ക് ജീവിതം കൊടുക്കാത്തത്”, “ഇവന് ഇനി സവർണനെ അധിക്ഷേപിക്കാൻ യോഗ്യതയില്ല ഇവൻ ഇപ്പോൾ സവർണ്ണൻ ആയില്ലേ ?”, “വേടനാണങ്കിലും ഇഷ്ടം വെളുത്ത പെണ്ണിനെ… പ്രവൃത്തി ഒന്ന് മനസിൽ വേറൊന്ന്”, കറുപ്പ് അവഗണന കൂടെയുള്ള വെളുപ്പ് മുൻഗണന”, “കറുപ്പു വിറ്റ് കാശാക്കിയ ആളിനു കറുത്ത പെണ്ണിനെ അലർജി… പണത്തിന്റെ ഒരു പവറ്.” – എന്നൊക്കെയാണ് വേടന്റെ വിഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ നിറയുന്ന കമന്റുകൾ.

അതേസമയം വേടനെ പരിഹസിക്കുന്നവർക്ക് ശക്തമായ മറുപടി പറയുന്നവരും ഏറെയുണ്ട്. “കറുപ്പിന്റെ രാഷ്ട്രീയവും ജാതിവിരുദ്ധതയും പറയുന്ന ഒരാൾ വെളുത്ത പെൺകുട്ടിയെ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതിൽ എന്താണ് തെറ്റുള്ളത് ?”- എന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. അതേസമയം വിവാഹശേഷം വേടൻ തന്റെ കൂടെ നിൽക്കുന്ന എല്ലാവരോടും നന്ദി അറിയിച്ചിരുന്നു.

“ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷത്തിലാണ് നിൽക്കുന്നത്. എന്റെ വിജയത്തിലടക്കം കൂടെ നിൽക്കുന്ന എല്ലാവർക്കും നന്ദിയുണ്ട്. പ്രതീക്ഷിച്ചതിലും അടിപൊളിയായി കാര്യങ്ങളൊക്കെ നടന്നിട്ടുണ്ട്. അതിന് കാരണം നിങ്ങളുടെ അനുഗ്രഹമാണ്. എന്റെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് ആരാധകരുണ്ടായിരുന്നു.

എല്ലാവരുടെയും വിഷമം മനസ്സിലാകും. പക്ഷേ ഇതൊരു കുഞ്ഞ് പരിപാടിയായിരുന്നു. എന്റെ വീടു പോലും അലങ്കരിച്ചിട്ടില്ല ഞാൻ. അത്രയും കുഞ്ഞ് പരിപാടിയായിരുന്നു. ഞങ്ങൾ രണ്ട് പേര് മാത്രമാണ് സുന്ദരന്മാരായി വന്നിട്ടുള്ളത്. എന്റെ ആരാധകർക്ക് അത് മനസിലാകും. ഭരണഘടനയെ സാക്ഷിയാക്കിയാണ് ഞങ്ങൾ വിവാഹം കഴിച്ചിരിക്കുന്നത്. അത് ഭാവിയിൽ നമ്മുടെ മക്കൾക്കെല്ലാവർക്കും ഉപകരിക്കുമെന്ന് കരുതുന്നു.’’- വിവാഹ ചടങ്ങുകൾക്ക് ശേഷം വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here