16.8 C
London
Thursday, April 23, 2026

വലിയങ്ങാടിയിൽ കെട്ടിടം തകർന്ന സംഭവം; മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാർച്ച്

- Advertisement -spot_img

കോഴിക്കോട് വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടം തകർന്ന സംഭവത്തിൽ മേയറുടെ വസതിയിലേക്ക് യൂഡിഎഫിൻെറ നൈറ്റ് മാർച്ച്. മേയർ ഒ സദാശിവത്തിന്റെ വസതിയിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. അപകടത്തിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, പി വി അൻവർ എന്നിവരുടെ നേത്യത്വത്തിലാണ് മാർച്ച് നടക്കുന്നത്. പ്രവർത്തകർ ബാരിക്കേഡ് മറികടന്നുകൊണ്ട് മേയർ ഭവനിലേക്ക് കടക്കാൻ ശ്രമിച്ചു. ചില പ്രവർത്തകർ മതിൽ ചാടി അകത്തേക്ക് പ്രവേശിക്കാനും ശ്രമിച്ചു.

കാട്ടു കള്ളന്മാരാണ് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്നതെന്ന് കെ പ്രവീൺകുമാർ പ്രതികരിച്ചു. കോഴിക്കോട് നഗരസഭ കക്കാനും കൊള്ളയടിക്കാനും നിൽക്കുന്നവരാണിവർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നൽകണം.
പരുക്കേറ്റവർക്ക് ചികിത്സാ സഹായം നൽകണമെന്നും കോർപ്പറേഷൻ കെട്ടിടങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്നും ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി.

കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശികളായ ബഷീര്‍, അഷ്റഫ്, തിരുവങ്ങൂർ സ്വദേശി വിനോദ് എന്നീ തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്. ജബ്ബാറിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കി. അത്തോളി സ്വദേശികളായ ബഷീറിന്റെയും, അഷറഫിന്റെയും മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് രാവിലെ സംസ്കരിച്ചു. പരുക്കേറ്റ് ബീച്ച് ആശുപത്രിയിൽ ചികിത്സയിലുള്ള കല്ലായി സ്വദേശി കോയയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം,നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കളക്ടറോടും കോർപ്പറേഷൻ സെക്രട്ടറിയോടും റിപ്പോർട്ട്‌ തേടും. വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്‌ വ്യക്തമാക്കിയിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here