ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ഇന്ത്യന്‍ വനിതാ ടീമിന്തോല്‍വി. ഓസീസ് 6 വിക്കറ്റിനു വിജയം സ്വന്തമാക്കി. ടി20 പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ആദ്യ ഏകദിനത്തില്‍ പക്ഷേ ആ ആവേശം നിലനിര്‍ത്താന്‍ സാധിച്ചില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 214 റണ്‍സില്‍ അവസാനിച്ചു. 48.3 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി. ഓസ്‌ട്രേലിയ 38.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 217 അടിച്ചാണ് വിജയം സ്വന്തമാക്കിയത്.
ഓപ്പണര്‍ സ്മൃതി മന്ധാന, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതാവുന്ന ടോട്ടലുയര്‍ത്തിയത്. വാലറ്റത്ത് റിച്ച ഘോഷും കഷ്‌വി ഗൗതം എന്നിവരും തിളങ്ങി. മറ്റാരും കാര്യമായ സംഭാവന നല്‍കാത്തത് തിരിച്ചടിയായി.
സ്മൃതിയാണ് ടോപ് സ്‌കോറര്‍. താരം 7 ഫോറുകള്‍ സഹിതം 58 റണ്‍സടിച്ചു. ഹര്‍മന്‍പ്രീത് 53 റണ്‍സ് സ്വന്തമാക്കി. കഷ്‌വി മൂന്ന് വീതം സിക്‌സും ഫോറും സഹിതം 43 റണ്‍സ് കണ്ടെത്തി.
ആഷ്‌ലി ഗാര്‍ഡ്‌നറുടെ മികച്ച ബൗളിങാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. താരം 3 വിക്കറ്റെടുത്തു. മെഗാന്‍ ഷുറ്റ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഡാര്‍സി ബ്രൗണ്‍, അലന കിങ്, തഹ്‌ലിയ മഗ്രാത്ത്, സോഫി മൊളിനെക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ജയത്തിലേക്ക് ബാറ്റെടുത്ത ഓസീസ് വനിതകള്‍ക്കായി ക്യാപ്റ്റന്‍ അലിസ ഹീലി, ബെത് മൂണി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. അന്നബെല്‍ സതര്‍ലാന്‍ഡ്, ഫോബ് ലിച്ഫീല്‍ഡ് എന്നിവരും ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കി.
മൂണിയാണ് ടോപ് സ്‌കോറര്‍. താരം 76 റണ്‍സ് സ്വന്തമാക്കി. അലിസ ഹീലി 50 റണ്‍സെടുത്തു. അന്നബെല്‍ 48 റണ്‍സുമായി പുറത്താകാതെ നിന്നു. ലിച്ഫീല്‍ഡ് 32 റണ്‍സും നേടി.
ഇന്ത്യക്കായി ശ്രീ ചരണി രണ്ട് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

