പനമരം: അരാഷ്ട്രീയത വർധിച്ചു വരുന്ന പുതിയ കാലത്ത് രാഷ്ട്രീയ വിദ്യാഭ്യാസം പകർന്നു നൽകൽ അനിവാര്യമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫൈസൽ ബാഫഖി തങ്ങൾ അഭിപ്രായപ്പെട്ടു. പുതു തലമുറയ്ക്ക് രാഷ്ട്രീയ ജ്ഞാനം കൈമാറുന്ന സീതി സാഹിബ് അക്കാദമിയുടെ പൊളിറ്റിക്കൽ സ്കൂൾ പദ്ധതിയുടെ രണ്ടാം ബാച്ച് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പുള്ള ഇന്ത്യയും സർവേന്ത്യാ മുസ്‌ലിം ലീഗും, ഭരണഘടനാ നിർമാണ സഭയും മുസ്‌ലിം ലീഗിന്റെ ഇടപെടലുകളും, സ്വതന്ത്രാനന്തര ഇന്ത്യ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്: പിറവിയും, സാഹചര്യവും, നിയമ നിർമാണ സഭകളിൽ മുസ്‌ലിം ലീഗിൻ്റെ ഇടപെടൽ, വിദ്യാഭ്യാസ നവോത്ഥാനം മുസ്‌ലിം ലീഗിലൂടെ, സാമൂഹിക നവോത്ഥാനത്തിൽ ലീഗിന്റെ പങ്ക് , നേതൃ സ്മൃതി, കാലിക രാഷ്ട്രീയവും മുന്നണി രാഷ്ട്രീയവും, യുവതയുടെ രാഷ്ട്രീയം എന്നിങ്ങനെ പത്ത് വിഷയങ്ങളിലായി നടക്കുന്ന സെഷനുകൾക്ക് പത്ത് ഫാക്കൽറ്റികൾ നേതൃത്വം നൽകും . മാസത്തിൽ ഒരു ദിവസം തൊണ്ണൂറ് മിനിട്ട് ദൈർഘ്യമുള്ള രണ്ട് സെഷനുകളായിട്ടാണ് ക്ലാസ് ഉണ്ടാവുക. തൊണ്ണൂറ് മിനിട്ടിൽ ആദ്യത്തെ എഴുപത് മിനിട്ട് വിഷയാവതരണവും അവസാന പത്ത് മിനിട്ട് ചോദ്യോത്തര വേളയുമായിരിക്കും. പ്രമുഖ എഴുത്തുകാരും പ്രഭാഷകരുമാണ് ഫാക്കൽറ്റിമാരായി വിഷയാവതരണം നടത്തുക. ഒന്നാം ബാച്ചിന്റെ കോൺ വൊക്കേഷൻ ചടങ്ങ് കഴിഞ്ഞ ഒക്ടോബർ ആദ്യത്തിലാണ് നടന്നത്.
ആദ്യ സെഷനിൽ ഭരണഘടനാ നിർമാണ സഭയും മുസ്‌ലിം ലീഗിന്റെ ഇടപെടലുകളും എന്ന വിഷയം അഡ്വ.എം സി എം ജമാൽ അവതരിപ്പിച്ചു. ചടങ്ങിൽ സീതി സാഹിബ് അക്കാദമി പ്രസിഡൻ്റ് ലുഖ്മാനുൽ ഹക്കീം വി പി സി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഫസൽ സി എച്ച് മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി സാലിഹ് ദയരോത്ത്, അക്കാദമി ഭാരവാഹികളായ ശിഹാബ് ആയാത്ത്, മുനീർ മൈലാടി , മുനീർ വടകര, അഷ്കർ കൽപറ്റ , മമ്മൂട്ടി അഞ്ചാം മൈൽ എന്നിവർ സംസാരിച്ചു. അക്കാദമി ജനറൽ സെക്രട്ടറി ഷബീർ സൂഫി സ്വാഗതവും പൊളിറ്റിക്കൽ സ്കൂൾ കോർഡിനേറ്റർ ആശിഖ് മേപ്പാടി നന്ദിയും പറഞ്ഞു.

