കൊച്ചി: സ്പാനിഷ് താരം വിക്ടർ ബെർട്ടോമിയുവിനെ ടീമിലെത്തിച്ച്കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. മുന്നേറ്റനിരയിൽ സ്ട്രൈക്കറായും വിങ്ങറായും ഒരുപോലെ കളിക്കാൻ മികവുള്ള താരമാണ് അദ്ദേഹം. യൂറോപ്പിലും ഏഷ്യയിലുമായി വിവിധ ലീഗുകളിൽ കളിച്ച അനുഭവസമ്പത്തുമായാണ് ബെർട്ടോമിയു ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.
സ്പെയിനിലെ സി എഫ് അസ്കോ, എ ഇ പ്രാറ്റ് തുടങ്ങിയ ക്ലബ്ബുകൾക്ക് പുറമെ ഹോങ്കോങ്ങ് പ്രീമിയർ ലീഗിലെ ഈസ്റ്റേൺ എഫ് സി, ഇന്തോനേഷ്യൻ ക്ലബ്ബായ ഗ്രെസിക് യുണൈറ്റഡ് എഫ് സി എന്നിവയ്ക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. വേഗതയേറിയ നീക്കങ്ങളും ആക്രമണ ശൈലിയുമാണ് ബെർട്ടോമിയുവിന്റെ പ്രത്യേകത.
“വിക്ടർ ബെർട്ടോമിയുവിനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ആക്രമണനിരയിൽ ഏത് റോളും കൈകാര്യം ചെയ്യാൻ മികവുള്ള അദ്ദേഹം ടീമിന് പുതിയൊരു ഊർജ്ജം നൽകും. വരാനിരിക്കുന്ന സീസണിലെ മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുമ്പോൾ അദ്ദേഹത്തിന്റെ സാന്നിധ്യം ഗുണകരമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” സൈനിങ്ങിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു.

