13.6 C
London
Friday, May 1, 2026

ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഇന്ന്

- Advertisement -spot_img

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനവും ക്ഷേമവും ഒരുപോലെ മുൻഗണന നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകുന്നത്. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് പ്രധാന തടസ്സമെന്ന നിലപാടാണ് ധനവകുപ്പ് ആവർത്തിക്കുന്നത്. എന്നിരുന്നാലും, സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികൾക്കിടയിലും ജനക്ഷേമ പദ്ധതികൾക്ക് ആവശ്യമായ പരിഗണന നൽകാൻ സർക്കാർ ശ്രമിക്കുമെന്നാണ് വിലയിരുത്തൽ.

സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിലേക്കാണ് പ്രധാനമായും പ്രതീക്ഷ വെക്കുന്നത്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് സൂചന. അതോടൊപ്പം അതിവേഗ പാത, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പദ്ധതികൾ എന്നിവയ്ക്കും ബജറ്റിൽ പ്രത്യേക പ്രാധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ആശാവഹമായ മാറ്റങ്ങളുണ്ടായെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവ് കൈവരിക്കാനായെന്നുമാണ് ധനമന്ത്രി ബാലഗോപാൽ അടുത്തിടെ പ്രതികരിച്ചത്. സർക്കാർ ജീവനക്കാരോട് ബജറ്റിൽ നീതികേട് ഉണ്ടാകില്ലെന്നും ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 2024–25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ട് സംസ്ഥാനത്തിന്റെ വരുമാനവും ചെലവും കടബാധ്യതയും വർധിച്ചതായി ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര ഉത്പാദന വളർച്ച മുൻവർഷത്തെ 6.73 ശതമാനത്തിൽ നിന്ന് 6.19 ശതമാനമായി കുറഞ്ഞതും റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാൻ സൃഷ്ടിപരവും ദീർഘദൃഷ്ടിയുള്ളതുമായ ധനകാര്യ തന്ത്രങ്ങൾ അനിവാര്യമാണെന്നും കേന്ദ്ര സർക്കാരുമായുള്ള കൂടുതൽ സഹകരണം ആവശ്യമാണ് എന്നും ആസൂത്രണ ബോർഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോർട്ട് നിർദേശിക്കുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here