കൽപറ്റ: യഥാർഥ്യത്തിൽ അധിഷ്ഠിതമായ മറവികളെ ഓർമകളാൽ വീണ്ടെടുക്കുന്ന കൃതിയാണ് വി.സുരേഷ് എഴുതിയ “മറതി” എന്ന് പത്മപ്രഭ പൊതുഗ്രന്ഥാലയം 203 മത് പുസ്തകചർച്ച അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ ഷാജി പുൽപള്ളി പുസ്തകം അവതരിപ്പിച്ചു. വ്യവസ്ഥാപിതമായി നാം പരിചയിച്ച സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നു മാറി നിന്ന് കൊണ്ട്, ചരിത്രത്തിൻ്റെ പ്രാദേശിക വ്യാഖ്യാനത്തെ സമഗ്രമായി അറിയാൻ ശ്രമം നടത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. അതു കൊണ്ടുതന്നെ വർത്തമാനകാല ചരിത്രം ആട്ടിപ്പുറത്താക്കിയ തോറ്റുപോയവരാണ് ഈ നോവലിലധികവും സജീവത പുലർത്തുന്നത്. പുറത്താക്കപ്പെട്ടവരുടെ ത്യാഗവും ജീവനുംകൂടി ചേർന്നാലേ നമ്മുടെ സമര ചരിത്രം പൂർണമാകൂ എന്ന സത്യത്തെയാണ് നോവൽ അഴത്തിൽ തൊടുന്നത്. തെയ്യോൻ എന്ന ദളിത് വ്യക്തിയിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ പ്രാദേശികമായി സർഗാത്മക വിശകലനം നടത്താനുള്ള എഴുത്തുകാരൻ്റെ ധീരശ്രമം നോവൽസാഹിത്യത്തിൻ്റെ പുതു വഴികളെയെയാണ് വെട്ടിത്തെളിയിക്കുന്നത്. സത്യത്തിൻ്റെ കാണാപ്പാഠങ്ങളിലേക്ക് ഉള്ള് പിളർത്തി കടന്നു പോകുന്ന “മറതി” മറ്റേതൊരു ചരിത്രകൃതിയേക്കാൾ ഒരുപടി മുന്നിലാണെന്ന് നിസ്സംശയം പറയാൻ കഴിയും. എഴുത്തുകാരൻ ബാലൻ വേങ്ങര മോഡറേറ്റർ ആയിരുന്നു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ, പി. കെ.ഷാഹിന, എം. ഗംഗാധരൻ, സി.വി.ഉഷ,ശിവരാമൻ പാട്ടത്തിൽ, ജോയ് പാലക്കാമൂല,ഷീമ മഞ്ചാൻ, സെക്രട്ടറി കെ പ്രകാശൻ എന്നിവർ സംസാരിച്ചു. 204 മത് ചർച്ച ഫെബ്രുവരി 14ന് 3:00 മണിക്ക് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും. ഇ.സന്തോഷ് കുമാർ രചിച്ച ‘തപോമയിയുടെ അച്ഛൻ ‘ എന്ന കൃതി പിണങ്ങോട് ഡബ്ല്യു.ഒ. വി. എച്ച്.എസ്.എസ്.അധ്യാപിക പി. കെ. ഷാഹിന അവതരിപ്പിക്കും.

