സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങിയതോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും തുടക്കമായി. യു ഡി എഫും എല്‍ ഡി എഫും വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ് സ്ഥാനാര്‍ഥികളുടെ പ്രാരംഭ ചര്‍ച്ചകളിലേക്ക് നീങ്ങുന്നത്. ഈ മാസം തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് നീക്കം. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ സജീവമായാല്‍ അത് വിജയത്തിന് കൂടുതല്‍ സഹായകമാവുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. സിറ്റിംഗ് എം എല്‍ എ മാരെല്ലാം മത്സരിക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ തൃപ്പൂണിത്തുറ എം എല്‍ എ കെ ബാബു മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഈ സീറ്റില്‍ ആരെ സ്ഥാനാര്‍ഥിയാക്കാമെന്നതില്‍ നേതൃത്വം വൈകാതെ തീരുമാനം കൈക്കൊള്ളും. മാധ്യമങ്ങളില്‍ വിവിധ പേരുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും വിജയസാധ്യത മുന്‍നിര്‍ത്തിയായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.
സിറ്റിംഗ് എം പിമാരെ ഒരു മണ്ഡലത്തിലേക്കും പരിഗണിക്കേണ്ടെന്നാണ് കെ പി സി സി നിലപാട്. അടൂര്‍ പ്രകാശ്, കെ സുധാകരന്‍ എന്നീ എം പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. സിറ്റിംഗ് എം പിമാര്‍ മത്സരിക്കാനെത്തുന്നത് ഉപതിരഞ്ഞെടുപ്പിനുള്ള വഴിയൊരുങ്ങുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആര്‍ക്കെങ്കിലും പ്രത്യേക ഇളവുകള്‍ വേണ്ടതുണ്ടോ എന്നതില്‍ കൂട്ടായ ചര്‍ച്ചകളും ഹൈക്കമാന്റിന്റെ തീരുമാവും വേണ്ടിവരും. പ്രായപരിധിയില്‍ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പ്രായവും ഒരു മാനദണ്ഡമാക്കണമെന്നാണ് നിര്‍ദേശം. മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. ഇവരെ മത്സരിപ്പിക്കുന്നതിലും തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.
ഇത്തവണ ,സ്ഥാനാര്‍ഥികളായി യുവാക്കളെയും സ്ത്രീകളേയും പരിഗണിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. പുതുമുഖങ്ങള്‍ വരുന്നത് വിജയസാധ്യത വര്‍ധിപ്പിക്കുമെന്ന സുനില്‍ കനഗോലുവിന്റെ നിര്‍ദേശം കെ പി സി സി നടപ്പാക്കും. സാധ്യത പട്ടിക സുനില്‍ കനഗോലു കെ പി സി സിക്കും എ ഐ സി സിക്കും സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുന്നതിനാണ് കെ പി സി സി നേതൃത്വം ശ്രമിക്കുന്നത്. നിരവധി തവണ മത്സരിച്ചവരെ പരമാവധി ഒഴിവാക്കാനുള്ള നിര്‍ദേശവും ഉയരുന്നുണ്ട്. കഴിഞ്ഞതവണ പരാജയപ്പെട്ടവരെ അതേ മണ്ഡലത്തില്‍ പരീക്ഷിക്കേണ്ടെന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന നിര്‍ദേശം. സ്ഥാനാര്‍ഥികളായി ആരും സ്വയം പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കെ പി സി സി യുടെ നിര്‍ദേശം. മുതിര്‍ന്ന നേതാക്കളെകൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പട്ടിക ഈ മാസം ഹൈക്കമാന്റിന് സമര്‍പ്പിക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി സുനില്‍ കനഗോലു കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ആദ്യപട്ടിക സമര്‍പ്പിക്കുക.

