9.9 C
London
Saturday, April 25, 2026

മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരേ പരാതിയുമായി സേവ് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ്

- Advertisement -spot_img

കല്‍പ്പറ്റ: ജനതാദള്‍ നേതാവും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിക്കെതിരേ പരാതിയുമായി സേവ് യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് സി.പി. റഹീസ്. കാസര്‍ഗോഡ് കുമ്പളയിലെ സ്വാകാര്യ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഇ മെയില്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ട പോസ്റ്റാണ് റഹീസിന്റെ പരാതിക്ക് ആധാരം. ദീര്‍ഘകാലമായി പൊതുരംഗത്തുള്ള തനിക്ക് മാനഹാനി വരുത്തുന്നവിധം പോസ്റ്റ് ഇട്ടതിന് മന്ത്രിക്കെതിരേ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കും പരാതി നല്‍കിയതായി കല്‍പ്പറ്റ സ്വദേശിയായ റഹീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ കെട്ടിടത്തിനു നമ്പര്‍ ലഭിക്കുന്നതിനു ഇടപെടാമെന്നു പറഞ്ഞ് താന്‍ 12 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സ്വാകാര്യ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മന്ത്രിക്കു ഇ മെയില്‍ ചെയ്ത പരാതിയില്‍. ഇത്തരം ആളുകളെ തിരിച്ചറിയണമെന്ന് ആഹ്വാനം ചെയ്യുന്ന മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വിഷയം അന്വേഷിക്കുന്നതിനു സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയതായും പറയുന്നുണ്ട്. ഇ മെയിലില്‍ ലഭിച്ച പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ തന്റെ വിശദീകരണം തേടാന്‍ മന്ത്രി തയാറായിട്ടില്ല.

കാസര്‍ഗോഡ് ജില്ലയുടെ സംഘടനാചുമതലയുണ്ടായിരുന്ന താന്‍ സ്വകാര്യ ആശുപത്രിയുടെ പുതിയ ബ്ലോക്കിന് കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നതിന് ഇടപെട്ടുവെന്നത് യാഥാര്‍ഥ്യമാണ്. പുതിയ ബ്ലോക്ക് പ്രവര്‍ത്തനസജ്ജമായാല്‍ 30ല്‍പരം ആളുകള്‍ക്ക് തൊഴിലില്‍ ലഭിക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞപ്പോഴായിരുന്നു ഇടപെടല്‍. ഇതേത്തുടര്‍ന്ന് ബ്ലോക്ക് നിര്‍മാണം റഗുലറൈസ് ചെയ്യുന്നതിന് 84,11,250 രൂപ സര്‍ക്കാരിലേക്ക് അയയ്ക്കാന്‍ ഉത്തരവായി. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അഭ്യര്‍ഥിച്ചതനുസരിച്ച് തുക കുറയ്ക്കുന്നതിനു അപേക്ഷ തയാറാക്കിയതും താനാണ്. മന്ത്രിയുടെ ഓഫീസ് മുഖേനയാണ് ഈ അപക്ഷേ ബന്ധപ്പെട്ട വകുപ്പുമന്ത്രിയുടെ കാര്യാലയത്തിലേക്ക് പോയത്. എന്നിരിക്കേയാണ് തനിക്കെതിരായ ദുരാരോപണം. താന്‍ പണം കൈപ്പറ്റിയെന്ന തെറ്റായ ആരോപണം ഉന്നയിച്ചതിന് ഹോസ്പിറ്റല്‍ എംഡിക്കെതിരേ കുമ്പള പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും റഹീസ് പറഞ്ഞു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here