കൽപറ്റ: വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ ആദ്യത്തേതിന്റെ താക്കോല്‍ ദാനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട സിദ്‌റത്തുല്‍ മുന്‍തഹ എന്ന ആറു വയസുകാരിക്കാണ് ആദ്യത്തെ ഭവനം നിര്‍മിച്ചു നല്‍കിയത്. ആഘോഷങ്ങളില്‍ മാത്രം അഭിരമിച്ച് സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറന്നുപോവുന്ന പുതിയ കാലഘട്ടത്തില്‍ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും നാട്ടുകാരുമെല്ലാം മഹത്തായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്നും മുനവറലി തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ആഘോഷങ്ങളും എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ആലോചിക്കുന്ന പുത്തന്‍ തലമുറയില്‍ നിന്നും വ്യത്യസ്തമാണ് മജ്‌ലിസ് സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.1100 ചതുരശ്ര അടിയില്‍ പതിനെട്ട് ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. മുണ്ടക്കൈ പ്രദേശത്തു താമസിച്ചിരുന്ന കുളിയോടന്‍ ശംസുദ്ധീന്‍, ഷബ്‌ന ദമ്പതികള്‍ പ്രകൃതി ദുരന്തത്തില്‍ മരണപ്പെട്ടിരുന്നു. അവരുടെ മകളാണ് ആറു വയസ്സുകാരി സിദ്‌റത്തുല്‍ മുന്‍തഹ. മേപ്പാടി ചെമ്പോത്തറയിലാണ് ആദ്യ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചത്.മേപ്പാടി ചെമ്പ്രോത്ര മദ്രസയില്‍ നടന്ന ചടങ്ങില്‍ മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡൻ്റ് കെ എസ് എ തങ്ങള്‍ അധ്യക്ഷനായി. മജ്‌ലിസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മുഹമ്മദ് കുട്ടി കെ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ക്കുള്ള ഉപഹാരം മജ്‌ലിസ് ജനറല്‍ സെക്രട്ടറി എം പി മുസ്തഫല്‍ ഫൈസിയും, എന്‍ജിനീയര്‍ക്കുള്ള ഉപഹാരം സെക്രട്ടറി സി.പി ഹംസയും കൈമാറി. മജ്‌ലിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സലിം കുരുവമ്പലം സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി ടി മുഹമ്മദ്, വൈസ് പ്രസിഡൻ്റ് റസാക്ക് കല്‍പറ്റ, മജ്‌ലിസ് ട്രഷറര്‍ ടി പി മാനു ഹാജി, മജ്‌ലിസ് മാനേജ്‌മെന്റ് ഭാരവാഹികള്‍, ഡയറക്ടര്‍ നൗഷാദ് എന്‍, അധ്യാപകരായ അഭിലാഷ് കെ, ശ്രീജിത്ത്. കെ എന്നിവരും സംസാരിച്ചു. കോളേജിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ സുനേഷ് പാറയില്‍ ചടങ്ങിന് നന്ദി പറഞ്ഞു. മജ്‌ലിസ് എന്‍ എസ് എസ് വൊളൻ്റിയര്‍മാര്‍, ജീവനക്കാര്‍, പ്രദേശവാസികള്‍ അടക്കമുള്ള ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

