8.9 C
London
Friday, April 24, 2026

വീണ്ടും കബനീദളം? വയനാട് തുരങ്കപാതയ്‌ക്കെതിരേ മാവോവാദികളുടെ പേരില്‍ പോസ്റ്റര്‍

- Advertisement -spot_img

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാനിരിക്കെ പദ്ധതിക്കെതിരേ സമീപപ്രദേശമായ പുല്ലൂരാംപാറ പള്ളിപ്പടിയില്‍ മാവോവാദികളുടെപേരില്‍ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.

‘പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന തുരങ്കപാത നിർമാണം പുനഃപരിശോധിക്കുക, വൈത്തിരിയില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ ഘാതകരെ ശിക്ഷിക്കുക, കീഴടങ്ങിയ മാവോയിസ്റ്റുകള്‍ക്കുവേണ്ടി പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കുക, പിണറായി-പോലീസ് മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുക, യുഎപിഎ ചുമത്തി തുറങ്കലിലടച്ച പ്രവർത്തകരെ മോചിപ്പിക്കുക, ആദിവാസികളുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുക’ തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. കബനീദളം എന്ന തലക്കെട്ടിലുള്ള പോസ്റ്ററിന്റെ ഏറ്റവുംതാഴെ ‘സിപിഐ മാവോയിസ്റ്റ്’ എന്ന് ചുവന്നമഷിയില്‍ എഴുതിയിട്ടുണ്ട്. പോസ്റ്ററിന്റെ മറുഭാഗത്ത് പോലീസ് ആൻഡ് സിഎം എന്നീ പേരുകളെഴുതി വൃത്തത്തിലാക്കി തോക്കുചൂണ്ടിയുള്ള പടവുമുണ്ട്.

പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് പള്ളിയുടെ സമീപത്തായുള്ള ഫ്ലോർമില്ലിന്റെ ചുമരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാർ പോസ്റ്റർ കാണുന്നത്. ഉടൻ തിരുവമ്ബാടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ചു. വയനാട് കേന്ദ്രീകരിച്ച്‌ കബനീദളം പ്രവർത്തിച്ചിരുന്നു. പക്ഷേ, വെടിവെപ്പില്‍ കൊല്ലപ്പെട്ടും അറസ്റ്റിലായും പോലീസില്‍ കീഴടങ്ങിയുമെല്ലാം കബനീദളത്തില്‍ ഇപ്പോള്‍ ആരുമില്ല. അതുകൊണ്ട് ഈ പോസ്റ്ററിനുപിന്നില്‍ മാവോവാദികള്‍തന്നെയാണോ എന്നത് സംശയകരമാണ്. കീഴടങ്ങിയ മാവോവാദികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുകയെന്ന ആവശ്യംകൂടി പോസ്റ്ററില്‍ എഴുതിയതുകൊണ്ടുതന്നെ ഇത് മാവോവാദികള്‍ പതിച്ചതാവാൻ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here