മീനങ്ങാടി : ക്ഷീര സംഘത്തിൽ പുതുതായി ആരംഭിച്ച വെറ്ററിനറി ലാബിന്റെ ഉദ്ഘാടനവും 2024-25 വർഷത്തെ പാലിന്റെ അധിക വില വിതരണ ഉദ്ഘാടനവും സംഘം പ്രസിഡൻ്റ് പി. പി. ജയൻ നിർവഹിച്ചു. കന്നുകാലികളുടെ വിവിധ രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്ന രീതിയിലാണ് ലാബ് ആരംഭിച്ചത്. ലാബിൽ ചാണകം, മൂത്രം, രക്തം എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ പാൽ അളന്ന ക്ഷീര കർഷകർക്ക് ലിറ്റർ ഒന്നിന് 1 രൂപ 25 പൈസ പ്രകാരം 76 ലക്ഷത്തോളം രൂപ അധിക വിലയായി നൽകുമെന്നും 2025 ജൂലൈ മാസത്തിലളന്ന പാലിന് രണ്ട് രൂപ അധിക വിലയായ 11 ലക്ഷം രൂപ അടക്കം 87 ലക്ഷത്തോളം രൂപ കർഷകർക്ക് ഈ മാസം വിതരണം ചെയ്യുമെന്നും, ഈ സാമ്പത്തിക വർഷത്തിൽ 62 ലക്ഷത്തോളം ലിറ്റർ പാൽ സംഭരിക്കുകയും 28 കോടിയോളം രൂപകർഷകർക്ക് നൽകിയിട്ടുണ്ടെന്നും, അധിക വിലയായ 87 ലക്ഷത്തോളം രൂപ ഓണത്തിന് മുമ്പായി പാൽ വിലയോടൊപ്പം കർഷകർക്ക് ലഭിക്കുമെന്നും, സംഘം പ്രസിഡൻ്റ് പറഞ്ഞു. ബോർഡ് മെമ്പറായ ബീന വിജയൻ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ. ബി. മാത്യു, എ. എൻ. തങ്കപ്പൻ, സലോമി സംസാരിച്ചു.

