ബത്തേരി: വൃഷ്ടിപ്രദേശങ്ങളിലെല്ലാം ശക്തമായ മഴതുടരുന്നതിനാല്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ പ്രധാന പുഴകളിലൊന്നായ കല്ലൂർപുഴയില്‍ ജലനിരപ്പ് ഉയരുകയാണ്.
ഇതോടെ പുഴയോരത്തെ കുടുംബങ്ങളും പുഴയോട് ചേർന്ന് കൃഷിയിടങ്ങളുമുള്ള കർഷകരും ആശങ്കയിലാണ്.
പുഴയില്‍ ഇനിയും വെള്ളമുയർന്നാല്‍ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്ക് കയറാനും കാരണമാകും. ഇതോടെ കുടുംബങ്ങള്‍ക്ക് ക്യാന്പുകളിലേക്ക് മാറേണ്ടിവരും. നഞ്ചകൃഷിക്ക് ഞാറ്റടികള്‍ തയാറാക്കാനായി വിത്ത് വിതച്ച വയലുകളില്‍ വെള്ളംകയറാനും വിത്തുകള്‍ നശിക്കാനും കാരണമാകുമെന്ന ആങ്കയിലുമാണ് കർഷകർ.
ബത്തേരി മേഖലയില്‍ കഴിഞ്ഞദിവസംമുതല്‍ ഇവിടങ്ങളിലെല്ലാം ശക്തമായമഴയാണ് പെയ്യുന്നത്. കഴിഞ്ഞമാസം അവസാനം പുഴയില്‍ വെള്ളമുയരുകയും ഓരങ്ങളിലെ നിരവധി കുടുംബങ്ങളെ ക്യാന്പുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പുഴംകുനി, തോളായി, താത്തൂര് ചെണ്ടക്കുനി അടക്കമുള്ള ഉന്നതികളിലെ മുപ്പതോളം കുടുംബങ്ങളെയാണ് അന്ന് ക്യാന്പുകളിലേക്ക് മാറ്റിയത്.
ഉന്നതിയിലേക്ക് വെള്ളംകയറുന്ന സാഹചര്യമുണ്ടായാല്‍ ഇവരെ ക്യാന്പുകളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.കനത്ത മഴയില്‍ വീടിന്‍റെ ചുറ്റുമതില്‍ തകർന്നു. ബത്തേരി തൊടുവട്ടി പുള്ളോലിക്കല്‍ സാജന്‍റെ വീടിന്‍റെ പിൻവശത്തെ ചുറ്റുമതിലാണ് തകർന്നത്. ഇന്നലെ രാവിലെ വലിയ ശബ്ദത്തോടെയാണ് മതില്‍ തകർന്നത്.
സമീപത്തെ വീടിനോട് ചേർന്നുള്ള ഷെഡിന്‍റെ ഭിത്തിയില്‍ തങ്ങിനില്‍ക്കുകയാണ് ഇടിഞ്ഞ ചുറ്റുമതില്‍. മതില്‍ തകർന്നതോടെ സാജന്‍റെ വീടും അപകടാവസ്ഥയിലാണ്.