സുല്‍ത്താൻബത്തേരി: വാനരശല്യത്താല്‍ ദുരിതത്തിലായി കർഷകർ. നൂല്‍പ്പുഴ മണിമുണ്ട വനഗ്രാമത്തിലെ കർഷക ജനതയാണ് രൂക്ഷമായ വാനരശല്യം കാരണം ദുരിതമനുഭവിക്കുന്നത്.
രാത്രികാലങ്ങളില്‍ കാട്ടാനശല്യമാണെങ്കില്‍ പകല്‍ സമയങ്ങളില്‍ വാനരശല്യത്താല്‍ പൊറുതിമുട്ടുകയാണ് ഇവർ.
മണിമുണ്ടയില്‍ പ്രദേശവാസിയായ നാരായണൻ ഇറക്കിയ ഇഞ്ചിക്കൃഷി പൂർണമായും വാനരൻമാർ നശിപ്പിച്ചു. മുളച്ചുപൊന്തി നിരന്നുതുടങ്ങിയ ഇഞ്ചിയാണ് നശിപ്പിക്കപെട്ടത്. കാവലിരുന്നാലും കണ്ണുതെറ്റിയാല്‍ വാനരൻമാർ കൃഷി നശിപ്പിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. സമീപത്തെ വനത്തില്‍ നിന്നെത്തുന്ന വാനരൻമാരാണ് കൃഷിനാശം വരുത്തുന്നത്.
കൂടാതെ വീടുകള്‍ക്കും വാനരൻമാർ നാശം വരുത്തുകയാണ്. വീടുപൂട്ടി പുറത്തിറങ്ങാൻപോലും സാധിക്കില്ല. എന്തെങ്കിലും ആവശ്യത്തിന് എല്ലാവരും വീട് വിട്ട് പുറത്തുപോയാല്‍ തിരിച്ചെത്തുമ്ബോഴേക്കും വീടിനുള്ളില്‍ കയറാൻപോലും സാധിക്കാത്ത അവസ്ഥയാണ്. ഗ്രാമത്തിലുള്ള ഭൂരിപക്ഷം വീടുകളും ഓടുമേഞ്ഞവയാണ്. മേല്‍ക്കൂരയിലെ ഓടുകള്‍ ഇളക്കിമാറ്റിയാണ് വാനരൻമാർ അകത്തുപ്രവേശിക്കുന്നത്.
ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമെല്ലാം വലിച്ചുവാരിയിട്ട് നശിപ്പിക്കുന്നതും പതിവാണ്. ഇതുകാരണം ജീവിതം തന്നെ പൊറുതിമുട്ടിയിരിക്കുകായണെന്നും ശല്യക്കാരായ കുരങ്ങൻമാരെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നുമാണ് കുടുംബങ്ങളുടെ ആവശ്യം.