Home Uncategorized ഫ്ലാറ്റ്, അപ്പാ‍ർട്ടമെ​ന്റ് ഉടമകൾക്ക് ഇനി സ്വന്തം പേരിൽ ഭൂനികുതി അടയ്ക്കാം, അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

ഫ്ലാറ്റ്, അപ്പാ‍ർട്ടമെ​ന്റ് ഉടമകൾക്ക് ഇനി സ്വന്തം പേരിൽ ഭൂനികുതി അടയ്ക്കാം, അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

0
ഫ്ലാറ്റ്, അപ്പാ‍ർട്ടമെ​ന്റ് ഉടമകൾക്ക് ഇനി സ്വന്തം പേരിൽ ഭൂനികുതി അടയ്ക്കാം, അതിനായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

സംസ്ഥാനത്തെ ഫ്ലാറ്റ്‌, അപ്പാർട്ട്‌മെന്റ്‌ ഉടമകൾക്ക്‌ ഇനി സ്വന്തം പേരിൽ ഭൂനികുതി (Land Tax) അടയ്ക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി

നിലവിൽ ഭൂമി വ്യക്തിഗതമായി ഭാഗിക്കാത്ത (അൺഡിവൈഡഡ് ഷെയ‍ർ) സാഹചര്യത്തിൽ കൂട്ടവകാശമായി മാത്രമേ നികുതി ഒടുക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനാൽ ബാങ്ക്‌ വായ്പയടക്കമുള്ള ആവശ്യങ്ങൾക്ക്‌ ഭൂനികുതി രസീത്‌ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഉടമസ്ഥർ നേരിടുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാനാണ് പുതിയ നടപടി.

ഇങ്ങനെ നികുതി അടയ്ക്കാൻ സാധിക്കാത്തിനാൽ ഉയർന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ റവന്യൂ മന്ത്രി കെ രാജൻ റവന്യൂ, സർവേ, നിയമ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. തുടർന്ന് പുറപ്പെടുവിച്ച ഉത്തരവിൽ, ഭൂവുടമയുടെ പേരിൽ ഭൂനികുതി അടയ്ക്കുന്നിടത്ത്, ഫ്ലാറ്റ് കൈമാറ്റം ചെയ്യണമെങ്കിൽ, ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശത്തോടൊപ്പം ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റം ചെയ്യുന്ന സന്ദർഭങ്ങളിൽ മാത്രമേ അനുമതി നൽകാവൂ എന്ന് റവന്യൂ വകുപ്പ് നിർദ്ദേശിച്ചു.

റവന്യൂ വകുപ്പ്‌ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഓരോ ഫ്ലാറ്റിനും അപ്പാർട്ട്‌മെന്റിനും പ്രത്യേകം തണ്ടപ്പേരും കൈവശാവകാശ സർട്ടിഫിക്കറ്റും അനുവദിക്കും. ഇതിനായി ഫ്ലാറ്റ്‌, അപ്പാർട്ട്‌മെന്റ്‌ ഉടമകൾ പ്രമാണത്തിന്റെ പകർപ്പുസഹിതം വില്ലേജ്‌ ഓഫീസിൽ അപേക്ഷ നൽകണം.

ഫ്ലാറ്റുകൾ കൈമാറുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശംകൂടി ആധാരപ്രകാരം കൈമാറിയിട്ടുണ്ടെങ്കിൽമാത്രം പോക്കുവരവ്‌ അനുവദിച്ചാൽ മതിയെന്ന്‌ ഉത്തരവിൽ പറയുന്നു. ഭൂമിയുടെ അവകാശം കൈമാറിയിട്ടില്ലെങ്കിൽ ഭൂവുടമ നികുതി അടയ്‌ക്കുന്ന നിലവിലെ രീതി തുടരും. ഇത്‌ ഉദ്യോ​ഗസ്ഥർ ആധാരം പരിശോധിച്ച്‌ ഉറപ്പാക്കണം.

അതിന് ശേഷം ഫ്ലാറ്റ് ഉടമയുടെ നിലവിലുള്ള തണ്ടപ്പേരിന്റെ സബ്‌ നമ്പർ നൽകി പോക്കുവരവ്‌ നടത്തും. ഉദാഹരണമായി 100 എന്ന തണ്ടപ്പേരുള്ള ഭൂമിയിലെ അപ്പാർട്ട്‌മെന്റിൽ ഒരു ഫ്ലാറ്റ്‌ ‘എ’ എന്ന വ്യക്തിയും മറ്റൊരു ഫ്ലാറ്റ്‌ ‘ബി’ എന്ന വ്യക്തിയും വാങ്ങിയാൽ ‘എ’യ്‌ക്ക്‌ 100/1 എന്ന തണ്ടപ്പേരും ‘ബി’ക്ക്‌ 100/2 എന്ന തണ്ടപ്പേരും നൽകണം. ഇത്തരം കേസുകളിൽ മാതൃതണ്ടപ്പേരിലെ എല്ലാ സർവേ നമ്പരും ഉപതണ്ടപ്പേരുകളിൽ അഥവാ സബ് തണ്ടപ്പേരിൽ ചേർക്കണം. പുതിയ തണ്ടപ്പേര്‌ രൂപീകരിക്കുമ്പോൾ മാതൃതണ്ടപ്പേരിൽനിന്ന്‌ ഭൂമിയുടെ ആനുപാതിക വിസ്‌തീർണം കുറയ്‌ക്കണം. മുഴുവൻ ഭൂമിയുടെയും വിസ്‌തീർണത്തിന്‌ തുല്യമായ അവകാശം നൽകിക്കഴിഞ്ഞാൽ മാതൃതണ്ടപ്പേർ ശൂന്യവും പ്രവർത്തനരഹിതവുമാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here