ന്യൂഡല്‍ഹി: ഐപിഎല്ലിലെ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലും ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ടീം ടോട്ടലും പടുത്തുയര്‍ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ബാറ്റിങ് കരുത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് 168 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 18.4 ഓവറില്‍ കൊല്‍ക്കത്ത താരങ്ങള്‍ കൂടാരം കയറി.
ഹൈദരാബാദ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നല്‍കാനായില്ല. 23 പന്തില്‍ 37 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഹര്‍ഷിത് റാണ 34 റണ്‍സും സുനില്‍ നരേയ്ന്‍ 31 റണ്‍സുമെടുത്തു. ഹൈദരാബാദിനു വേണ്ടി ജയ്‌ദേവ് ഉനദ്ഘട്ട്, ഹര്‍ഷ് ദുബെ, ഇഷാന്‍ മലിംഗ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് നിലവില്‍ സണ്‍റൈസേഴ്‌സിന്റെ പേരില്‍ തന്നെയാണ്. മികച്ച രണ്ടാമത്തെ സ്‌കോറും മൂന്നാമത്തെ സ്‌കോറും നാലാമത്തെ സ്‌കോറും അവര്‍ തന്നെ നേടി. കഴിഞ്ഞ സീസണില്‍ അടിച്ചെടുത്ത 287 റണ്‍സാണ് ഒന്നാം സ്ഥാനത്ത്. ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ അവര്‍ 286 റണ്‍സ് അടിച്ചിരുന്നു. ഇന്ന് നേടിയ 278 മൂന്നാമത്തെ മികച്ച സ്‌കോറായി. കഴിഞ്ഞ സീസണില്‍ അവര്‍ 277 റണ്‍സും അടിച്ചിരുന്നു.