Home Uncategorized മുസ്ലിം ലീ​ഗി​ന്റെ വനിതാ മുഖമായ ജയന്തി രാജൻ ആരാണ്?, ലീ​ഗ് ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറിയായ മലയാളി വനിതയെ അറിയാം

മുസ്ലിം ലീ​ഗി​ന്റെ വനിതാ മുഖമായ ജയന്തി രാജൻ ആരാണ്?, ലീ​ഗ് ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറിയായ മലയാളി വനിതയെ അറിയാം

0
മുസ്ലിം ലീ​ഗി​ന്റെ വനിതാ മുഖമായ ജയന്തി രാജൻ ആരാണ്?, ലീ​ഗ് ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറിയായ മലയാളി വനിതയെ അറിയാം

അതെല്ലാം മറന്നേക്കൂ, നമ്മളും മോഡേണായി എന്ന് ലോകമറിയട്ടേ എന്ന നിലപാടിലേക്ക് ഇന്ത്യയിലെ മുസ്ലീം ലീ​ഗുമെത്തി. ലോകം മുന്നോട്ട് പോകുമ്പോഴും സ്ത്രീകൾ എല്ലാരം​ഗത്തും മുൻനിരയിലെത്തിയിട്ടും ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാ‍ർട്ടികളിൽ ഉയർന്നു വന്നതുപോലൊരു സ്ത്രീ പ്രാതിനിധ്യം മുസ്ലിം ലീ​ഗിലുണ്ടായിരുന്നില്ല. പലപ്പോഴും മുസ്ലിം ലീ​ഗും യൂത്ത് ലീ​ഗും വിദ്യാ‍‍ർത്ഥി സംഘടനയായ എം എസ് എഫുമൊക്കെ ഈ വിഷയത്തിൽ വിവിധ കോണുകളിൽ നിന്നുള്ള വിമർശനങ്ങളേറ്റുവാങ്ങിയിരുന്നു. ആ വിമർശനങ്ങൾക്കൊക്കെ മറുപടിയുമായാണ് ഇത്തവണ ലീ​ഗി​ന്റെ പുതിയ ദേശീയ സമിതി ഭാരവാ​ഹി പട്ടിക പുറത്തു വന്നത്.

ദേശീയ സമിതി ഭാരവാഹികളിൽ രണ്ട് സ്ത്രീകൾ. ഒരാൾ തമിഴ് നാട്ടിൽ നിന്നുള്ള ഫാത്തിമ മുസഫർ, നിലവിൽ വനിതാ ലീ​ഗ് ദേശീയ പ്രസിഡ​ന്റാണ് ഫാത്തിമ മുസഫർ. രണ്ടാമത്തെയാൾ, വയനാട്ടില്‍ നിന്നുള്ള ജയന്തി രാജൻ (Jayanthi Rajan) എന്ന മലയാളി. രണ്ടുപേരും മുസ്ലിം ലീ​ഗ് ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറിമാ‍ർ എന്ന പദവിയിലാണുള്ളത്. മുസ്ലിം ലീ​ഗ് എന്ന പേരിൽ പ്രവർത്തിക്കുന്ന പാർട്ടിയിൽ പലപ്പോഴും ഹിന്ദുവിശ്വാസികളായവർ പ്രവർത്തിക്കാറുണ്ട്. യു സി രാമൻ ലീ​ഗി​ന്റെ എം എൽ എയായി പല തവണ നിയമസഭയിലെത്തിയിട്ടുണ്ട്. എന്നാൽ മുസ്ലിം മതത്തിൽ നിന്നും ഹിന്ദുമതത്തിൽ നിന്നും സ്ത്രീകൾ ലീ​ഗി​ന്റെ ദേശീയ പദവിയിലേക്ക് എത്തുന്നത് ഇതാദ്യമായാണ്. സ്ത്രീ പ്രാതിനിധ്യം എന്നതിൽ മാത്രമല്ല, സ്ത്രീകൾക്ക് ഔദ്യോ​ഗിക പദവി ദേശീയ തലത്തിൽ നൽകുകയും ചെയ്തുകൊണ്ടാണ് ലീ​ഗി​ന്റെ ഇത്തവണത്തെ ദേശീയ സമിതി ചരിത്രത്തിലിടം പിടിക്കുന്നത്.

ആരാണ് ജയന്തി രാജൻ

വയനാട് ജില്ലയിലെ ഇരുളം പഞ്ചായത്ത് അം​ഗമായി 2010ൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ജയന്തിരാജൻ എന്ന പേര് ഉയർന്നു വരുന്നത്. വയനാട് ജില്ലയിൽ 2008 മുതൽ മുസ്ലീം ലീ​ഗുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയന്തി രാജൻ സ്ഥാനാ‍ർത്ഥിയാകാൻ വേണ്ടി ലീ​ഗിലെത്തിയതോ, സ്ഥാനാ‍ർത്ഥിയെ തേടി ലീ​ഗ് ജയന്തിയെ പാർട്ടിയിലെടുത്തതോ അല്ല. സാമൂഹിക സേവന പ്രവ‍ർത്തകയായിരുന്ന ജയന്തി രാജൻ, സുൽത്താൻ ബത്തേരിയിൽ മലങ്കര ഓർത്തോഡക്സ് സഭ നടത്തിയിരുന്ന ശ്രേയസ് എന്ന എൻ ജി ഒ യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചാണ് പൊതുരം​ഗത്തേക്ക് വരുന്നത്. 2004 മുതൽ 2010 വരെ ശ്രേയസുമായി ബന്ധപ്പെട്ടുള്ള മൈക്രോഫിനാൻസ് രം​ഗത്തെ പ്രവർത്തനങ്ങളിലായിരുന്നു സജീവം. കുടുംബപരമായി കോൺ​ഗ്രസ് പശ്ചാത്തലത്തില്‍ നിന്നാണ് 46 കാരിയായ ജയന്തിരാജൻ മുസ്ലീം ലീ​​ഗി​ന്റെ ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.

“ശ്രേയസ്സുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾക്കിടയിൽ ഒട്ടേറെ മനുഷ്യരുടെ വിഷമം അടുത്തുനിന്നു കാണാൻ സാധിച്ചു. അതിനുള്ള പരിഹാരം കാണാൻ പലവഴികൾ അന്വേഷിച്ചു. നാട്ടിൽ ലീ​ഗ് പ്രവർത്തകർ സജീമായിരുന്നു. നാട്ടിലുള്ള പള്ളിക്കമ്മിറ്റിക്കാരും ലീ​ഗ് പ്രവർത്തകരുമൊക്കെ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പലവിധത്തിൽ സഹായിച്ചു. അങ്ങനെ അവരുടെ പ്രവർത്തനങ്ങളിൽ ഞാനും എ​ന്റെ പ്രവർത്തനങ്ങളിൽ അവരും പരസ്പരം സഹായിച്ചു. അങ്ങനെയാണ് ലീ​ഗുമായി സംഘടനാപരമായ അടുപ്പമുണ്ടാകുന്നത്” ജയന്തി രാജൻ സമകാലിക മലയാളത്തോട് പറഞ്ഞു.

“കൂടുതൽ സജീവമായി ലീ​ഗ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് 2008 മുതലാണ്. ഏതാണ്ട് ഒരു സജീവ പ്രവർത്തക തന്നെയായിരുന്നു. അങ്ങനെ നാട്ടിൽ ശ്രേയസ് പ്രവർത്തനവും ലീ​ഗ് പ്രവർത്തനവുമായി മുന്നോട്ട് പോകുമ്പോഴാണ് 2010 ലെ തദ്ദേശ തിരഞ്ഞെടുപ്പ് വന്നത്. പൂതാടി പഞ്ചായത്തിൽ എ​ന്റെ തറവാട് വീട് ഇരിക്കുന്ന ഇരുളം വാർഡ് വനിതാ സംവരണമായിരുന്നു. സി പി എമ്മിന് ഏറെ സ്വാധീനമുളള ഇടം. ആ വാർഡിൽ നിന്ന് മത്സരിക്കാൻ ലീ​ഗ് നേതാക്കൾ എന്നോട് ആവശ്യപ്പെട്ടു. ഞാൻ മത്സരിച്ചു ജയിച്ച് പഞ്ചായത്തം​ഗമായി. പിന്നീട് പനമരം ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചുകുന്ന് ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ‍ർപേഴ്സണായി. “

“ലീ​ഗി​ന്റെ വിവിധ പരിപാടികളിൽ പങ്കെടുത്ത് കേരളത്തിനകത്തും തമിഴ് നാട്ടിലും കർണ്ണാടകയിലുമൊക്കെ പോയി പ്രസം​ഗിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരിലല്ലാതെ ലീ​ഗ് നടത്തുന്ന പരിപാടിയിലൊന്നും മതമോ പണമോ ഒന്നും തടസ്സമാകാറില്ല. എല്ലാവരെയും സഹായിക്കുക എന്നതാണ് ലീ​ഗ് എപ്പോഴും ചെയ്യുന്നത്. ലീ​ഗ് ബൈത്തുൽറഹ്മ എന്ന വീട് വച്ചുനൽകുന്ന പരിപാടിയാണെങ്കിലും പാലിയേറ്റീവ് കെയറാണെങ്കിലും നിങ്ങൾക്ക് പരിശോ​ധിക്കാവുന്നതാണ്. അപ്പോൾ മനസ്സിലാകും ലീ​ഗ് സ്വീകരിക്കുന്ന മതനിരപേക്ഷ സമീപനം. ഹിന്ദുമത വിശ്വാസിയായ ഞാൻ ഒ ഇ സി വിഭാ​ഗത്തിൽ നിന്നാണ് വരുന്നത്. എന്നോട് ഒരിക്കൽ പോലും ഒരുതരത്തിലുള്ള വിവേചനവും ലീ​ഗ് എന്ന പാർട്ടി കാണിച്ചിട്ടില്ല”. ജയന്തി പറഞ്ഞു.

ലീ​ഗി​ന്റെ ദേശീയ അസിസ്റ്റ​ന്റ് സെക്രട്ടറി പദവിയിലെത്തുന്നതിന് മുമ്പ്, വനിതാ ലീ​ഗ് ദേശീയ സെക്രട്ടറി പദവി വഹിക്കുകയായിരുന്നു. അതിന് മുമ്പ് ദലിത് ലീ​ഗ് ജില്ലാ, സംസ്ഥാന നേതൃ പദവികളും വഹിച്ചിട്ടുണ്ട്. ജയന്തിയുടെ കുടുംബപാരമ്പര്യത്തിലും രാഷ്ട്രീയമുണ്ട്. അത് കോൺ​ഗ്രസ് രാഷ്ട്രീയമാണ് എന്നേയുള്ളൂ. ചീയ്യത്ത് രാഘവൻ മേസ്തരിയുടെയും തങ്കമയുടെ മകളാണ് ജയന്തി രാജൻ. അച്ഛൻ 1970കളിൽ തോട്ടം മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിക്കാൻ പ്രവർത്തിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഭർത്താവ് രാജൻ കൃഷി , ബിസിനസ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നു അദ്ദേഹത്തി​ന്റെ അച്ഛൻ വയനാട്ടിലെ അറിയപ്പെടുന്ന കോൺ​ഗ്രസ് നേതാവായിരുന്നു. ബത്തേരിയിലെ കോൺ​ഗ്രസ് ബ്ലോക്ക് പ്രസിഡ​ന്റായിരുന്നു അദ്ദേഹം. രണ്ട് മക്കളുണ്ട് മകൻ രാജീവ് എൻജിനിയറാണ്. മകൾ രജ്ഞുഷ ബി ഡി എസ് വിദ്യാർത്ഥിനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here