ഗുജറാത്തിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ഐസ്ക്രീമിനുള്ളിൽ ചത്ത പല്ലിയുടെ ഭാഗങ്ങൾ കണ്ടെത്തി. അഹമ്മദാബാദിലെ മണിനഗർ പ്രദേശത്തെ മഹാലക്ഷ്മി കോർണർ കടയിൽ നിന്ന് വാങ്ങിയ ‘ഹാവ്മോർ’ ബ്രാൻഡിന്റെ ഐസ്ക്രീമിനുള്ളിൽ നിന്ന് ആണ് ചത്ത പല്ലിയുടെ വാൽ കണ്ടെത്തിയത്. ഒരു സ്ത്രീയാണ് സംഭവത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നാല് ഐസ്ക്രീം കോണുകൾ വാങ്ങിയതായി ആ സ്ത്രീ ഒരു വീഡിയോയിൽ പറഞ്ഞു. ഐസ്ക്രീമിന്റെ പകുതി കഴിച്ചു കഴിഞ്ഞപ്പോൾ ആണ് പല്ലിയുടെ ഒരു ഭാഗം,അതിന്റെ വാൽ പോലെ തോന്നിക്കുന്ന ഒന്ന് കണ്ടെത്തിയത്. താമസിയാതെ, സ്ത്രീക്ക് കഠിനമായ വയറുവേദനയും ഛർദ്ദിയും ഉണ്ടായി. നിലവിൽ ചികിത്സ തുടരുകയാണെന്ന് ഇവരെന്ന് അധികൃതർ പറഞ്ഞു.
ഞങ്ങൾ നാല് കോണുകൾ വാങ്ങിയിരുന്നു. ഒരു കോണിൽ നിന്ന് (പല്ലിയുടെ വാലിൽ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഇത് കണ്ടെത്തി. ഞാൻ നിരന്തരം ഛർദ്ദിക്കുന്നുണ്ട്. ഭാഗ്യവശാൽ, എന്റെ കുട്ടികൾ ഇത് കഴിച്ചില്ല. എന്തെങ്കിലും സംഭവിച്ചാൽ, ഞങ്ങൾ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്യും. എന്തെങ്കിലും കഴിക്കുന്നതിനുമുമ്പ് ആദ്യം ഉൽപ്പന്നങ്ങൾ പരിശോധിക്കുക,” എന്ന് സ്ത്രീ വീഡിയോയിൽ പറഞ്ഞു.
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ യുവതി പരാതി നൽകി, തുടർന്ന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ലൈസൻസ് ഇല്ലാത്തതിനാൽ മഹാലക്ഷ്മി കോർണർ എന്ന ഐസ്ക്രീം പാർലർ സീൽ ചെയ്തു. ഐസ്ക്രീം ബ്രാൻഡായ ഹാവ്മോറിന് 50,000 രൂപ പിഴയും ചുമത്തി.
“മണിനഗർ പ്രദേശത്തെ ഒരു ഐസ്ക്രീം കോണിൽ പല്ലിയെ കണ്ടെത്തിയതായി മാധ്യമങ്ങൾ വഴി ഞങ്ങൾക്ക് പരാതി ലഭിച്ചു. ഉടൻ തന്നെ സ്ത്രീയെ ബന്ധപ്പെടുകയും മഹാലക്ഷ്മി കോർണർ എന്ന കടയിൽ നിന്ന് അവർ ഹാവ്മോറിന്റെ ഐസ്ക്രീം കോണുകൾ വാങ്ങിയതായി കണ്ടെത്തുകയും ചെയ്തു. കട പരിശോധിച്ചപ്പോൾ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അതിന് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ഉടൻ നടപടിയെടുക്കുകയും കട സീൽ ചെയ്യുകയും ചെയ്തു,” എന്ന് ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥനായ ഡോ. ഭവിൻ ജോഷി പറഞ്ഞു.
കൂടുതൽ അന്വേഷണത്തിൽ നരോദ ജിഐഡിസി ഫേസ് 1 ലെ ഹാവ്മോർ ഐസ്ക്രീം പ്രൈവറ്റ് ലിമിറ്റഡ് ഫാക്ടറിയിലാണ് ഐസ്ക്രീം കോൺ നിർമ്മിച്ചതെന്ന് കണ്ടെത്തി. ഐസ്ക്രീം കോണുകളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്, കൂടാതെ മുഴുവൻ ബാച്ചും വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ കമ്പനിയെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

