-മുഖ്യമന്ത്രിയുമായുള്ള സംവാദത്തിൽ ഉയർന്നത് സ്റ്റാർട്ടപ്പ് മുതൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ വരെ
-പാലിയേറ്റീവ് രംഗത്തെ എല്ലാ സ്ഥാപനങ്ങളെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് സമഗ്ര പദ്ധതി വരുന്നു
-ഇടയ്ക്കിടെ ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന സർക്കാരിന് അഭിനന്ദനം
ടെക്നോളജി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംഗമങ്ങൾ മലബാറിൽ സംഘടിപ്പിക്കുന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ ക്ഷണിതാക്കളുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത് വ്യക്തമാക്കിയത്.
ഫ്ലോട്ടിങ് സോളാർ രംഗത്തെ സംരംഭകൻ അജയ് തോമസാണ് ഇത് സംബന്ധിച്ച നിർദേശം വെച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരം നിരവധി ടെക്-നിക്ഷേപ സംഗമങ്ങളും പരിശീലനങ്ങളും ശിൽപ്പശാലകളും നടക്കുമ്പോൾ മലബാറിൽ അത്തരം പരിപാടികൾ ഇല്ല. ഇത് ഗ്രാമീണമേഖലയിലെ സംരംഭകർക്ക് വെല്ലുവിളിയാണ്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് രംഗത്ത് വലിയ ഒരു നിശബ്ദ വിപ്ലവമാണ് നടക്കുന്നതെന്നും അത് വേണ്ട വിധത്തിൽ ഇതു സംബന്ധിച്ച സൂചികകളിൽ പ്രതിഫലിച്ചിട്ടില്ലെന്നും അജയ് തോമസ് പറഞ്ഞു.
പാലിയേറ്റീവ് രംഗത്തെ എല്ലാ സ്ഥാപനങ്ങളെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് അതാത് തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തുള്ള സമഗ്ര പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലിയേറ്റീവ് ചികിത്സ ആവശ്യമുള്ള എല്ലാവർക്കും ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം. ഗഫൂർ താനേരിയുടെ ചോദ്യത്തിന് മറുപടിയാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്.
ജനകീയ സർക്കാർ ഇടയ്ക്കിടെ ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം പോലുള്ള പരിപാടികൾ അഭിനന്ദാർഹമാണെന്ന് ബിഷപ്പ് ഗീവർഗീസ് മാർ സ്തെഫാനോസ് പറഞ്ഞു. വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ശാശ്വത പരിഹാരം നൽകുന്ന പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുക്കളയിൽ നിന്ന് തന്നെ ഒരു സംരംഭകയാക്കി മാറ്റിയത് സംരംഭക മേഖലയിലെ സർക്കാർ നടപടികൾ ആണെന്ന് ഷംന കടവൻ അഭിപ്രായപ്പെട്ടു. ഇന്ന് 300 പേർക്ക് തൊഴിൽ നൽകുന്ന തന്റെ ഉൽപ്പന്നം കേരളത്തിന്റെ എല്ലാ ജില്ലകളിലും എത്തുന്നു. ഇതിന് ജില്ലാ വ്യവസായ കേന്ദ്രം നൽകിയ പിന്തുണയും അവർ എടുത്തുപറഞ്ഞു.
ലക്കിടി വ്യൂ പോയിന്റിൽ വോക്ക് വേ നിർമിച്ചു സർക്കാരിന് വരുമാനം ലഭിക്കുന്ന രീതിയിലുള്ള വിനോദസഞ്ചാര സ്പോട്ട് ആക്കി മാറ്റാമെന്ന് സണ്ണി ചെറിയതോട്ടം നിർദേശിച്ചു.
പ്രകൃതി ദുരന്തങ്ങൾ ലഘൂകരിക്കാൻ പ്രിസൈസ് വെതർ മോണിറ്ററിംഗ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള കെ ആർ വാഞ്ചീശ്വരൻ
ആവശ്യപ്പെട്ടു. ഇത്തരം സ്റ്റേഷനുകൾ യാഥാർഥ്യമായാൽ ദുരന്തം മുൻകൂട്ടി അറിഞ്ഞു ആ പ്രത്യേക മേഖല മാത്രം അടച്ചിടുന്നതോടെ ബാക്കിയുള്ള സ്ഥലത്തെ വിനോദസഞ്ചാര മേഖല രക്ഷിക്കാൻ സാധിക്കും.
വെറുതെ കാട് മൂടി കിടക്കുന്ന സ്വകാര്യ സ്ഥലങ്ങളും തോട്ടങ്ങളും സർക്കാർ ഇടപ്പെട്ട് കർഷകർക്ക് പാട്ടത്തിന് നൽകണമെന്ന് കർഷകനായ ഐ സി ജോർജും തോട്ടം മേഖലയിൽ നിന്നുള്ള യു കരുണനും ഉന്നയിച്ചു. ഇക്കാര്യം സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും തോട്ടത്തിലെ നിശ്ചിത ഭാഗത്ത് പഴ വർഗ്ഗം കൃഷി ചെയ്യാനുള്ള ആശയത്തിന് പൊതുവേ നല്ല സ്വീകാര്യതയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തോട്ടം തൊഴിലാളികളുടെ ലായം അറ്റകുറ്റ പണി നടത്തുന്നതിൽ തോട്ടം ഉടമകൾ സ്വാഗതാർഹമായ നിലപാടാണ് സ്വീകരിച്ചത്.
മാതൃക ടൗൺഷിപ്പിൽ 100 വീടുകൾക്കുള്ള പണം കൈമാറുകയും വാഗ്ദാനം ചെയ്യുകയും ചെയ്ത കർണാടക സർക്കാർ, മുൻ എംപി രാഹുൽ ഗാന്ധി, ഡിവൈഎഫ്ഐ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയൻ പരമർശിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് താരം സജ്ന സജീവൻ, നടൻ അബുസലിം, സജ്ന ഷാജി (കുടുംബശ്രീ സിഡിഎസ് ചെയർപേഴ് സൺ), ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവിച്ച 16-കാരൻ മുഹമ്മദ് ഹാനി, സീനത്ത് (ദുരന്തനിവാരണം), എസ് ഷറഫുദ്ധീൻ (മുസ്ലിം ജമാഅത്ത്), ഹാരിസ് ബാഖവി (സമസ്ത), രുഗ്മിണി സുബ്രഹ്മണ്യൻ (ഗോത്രമേഖല), ഫാദർ വർഗീസ് മറ്റമല, ജഗദീഷ് വില്ലോടി (ഐടി) എന്നിവരും സംവദിച്ചു.

