കല്‍പറ്റ: വയനാട്ടിലെ സഹകരണ ബാങ്കുകളിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവ്. ജില്ലയിലെ അഞ്ച് സഹകരണ ബാങ്കുകളില്‍ വൻതോതില്‍ നിയമന തട്ടിപ്പ് നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വയനാട് ജില്ല സഹകരണ സംഘം ജനറല്‍ രജിസ്ട്രാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.ഡി.സി.സി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദത്തിലായ സുല്‍ത്താൻ ബത്തേരി സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ളവയിലെ നിയമനങ്ങളെ കുറിച്ചാണ് പ്രധാനമായി അന്വേഷിക്കുക. പ്രാഥമിക അന്വേഷണത്തിനാണ് നിർദേശം നല്‍കിയിരിക്കുന്നത്. സുല്‍ത്താൻ ബത്തേരി അസിസ്റ്റൻറ് രജിസ്ട്രാർ കെ.കെ. ജമാലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഈ മാസം നാലിന് സഹകരണ സംഘം രജിസ്ട്രാർ നല്‍കിയ നിർദേശവും കണ്ണൂർ വിജിലൻസ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ, എറണാകുളം ഭരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ എന്നിവരുടെ പരിശോധന റിപ്പോർട്ടും പരിഗണിച്ചാണ് നടപടി.

